Kerala

ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ കൊള്ളനിരക്ക്; ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതോടെ നിരക്ക് കുത്തനെ കൂട്ടി സ്വകാര്യ ബസുകൾ

ബെംഗളൂരു ∙ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കൽ പതിവായതും ക്രിസ്മസ് – പുതുവത്സര അവധിയും കണക്കിലെടുത്തു കേരളമുൾപ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർത്തി സ്വകാര്യ ബസുകൾ. മിക്ക ട്രെയിനുകളും വെയ്റ്റിങ് ലിസ്റ്റിലായതിനാലും വിമാനങ്ങൾ റദ്ദാക്കുന്നതിനാലും അവധിക്കു നാട്ടിൽ പോകാൻ ഒട്ടേറെ മലയാളികൾ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണു ബസുകൾ നിരക്കു വർധിപ്പിക്കുന്നത്. അവധിയോടനുബന്ധിച്ചു ബെംഗളൂരുവിൽ നിന്നു ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് ഉയർത്തി.

വിമാനത്തിൽ 8,500 രൂപ വരെ

ക്രിസ്മസ് യാത്രാ തിരക്കേറിയ 23നും 24നും കൊച്ചിയിലേക്കുള്ള വിമാന ‌ടിക്കറ്റ് നിരക്ക് 7,000–8,500 രൂപ വരെയാണ്. സാധാരണ ദിവസങ്ങളിൽ 3,500- 5,000 രൂപയുള്ള സ്ഥാനത്താണ് അവധിയോടനുബന്ധിച്ചുള്ള തിരക്കു കണക്കിലെടുത്തു നിരക്ക് വർധിപ്പിച്ചത്. 23ന് ആകാശ എയറിൽ 8,156 രൂപയും ഇൻഡിഗോയിൽ 7,100 രൂപയും എയർ ഇന്ത്യ എക്സ്പ്രസിൽ 8,409 രൂപയുമാണു നിരക്ക്. ഇനിയും രണ്ടാഴ്ചയോളം ബാക്കിയുള്ളതിനാൽ നിരക്കു കൂടിയേക്കും.

എറണാകുളത്തേക്ക് ഇന്നും നാളെയുമെല്ലാം 2,000 രൂപ വരെയാണു സ്വകാര്യ ബസിൽ നിരക്ക്. പതിവ് നിരക്കിനെക്കാൾ 200–300 രൂപ കൂടുതലാണിത്. അതേസമയം, ക്രിസ്മസ് അവധിയാത്ര തുടങ്ങുന്ന 19നു കൊച്ചിയിലേക്ക് സ്വകാര്യ ബസിൽ പരമാവധി 6,000 രൂപയാണു നിരക്ക്. കുറഞ്ഞ നിരക്ക് 1,700 രൂപ. അന്നേ ദിവസം എറണാകുളത്തേക്കു സർവീസ് നടത്തുന്ന 122 ബസുകളിൽ എൺപതോളം ബസുകളിലും 3,000 രൂപയ്ക്കു മുകളിലാണു നിരക്ക്. തുടർന്നു ക്രിസ്മസ് വരെയുള്ള ദിവസങ്ങളിലെല്ലാം പതിവ് നിരക്കിന്റെ ഇരട്ടിയിലധികമാണു മിക്കവരും ഈടാക്കുന്നത്. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും വർധിക്കും. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും യാത്രാനിരക്ക് 4,000 രൂപ കടന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.