Latest

വിവാഹബന്ധം വേർപ്പെടുത്തിയിട്ടും സംശയം; ദുബായിലെത്തി മുൻഭാര്യയെ കൊലപ്പെടുത്തിയ റഷ്യൻ പൗരൻ അറസ്റ്റിൽ

ദുബായ്∙ വിമാന ജീവനക്കാരിയായ മുൻ ഭാര്യയെ ഹോട്ടലിൽ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ സ്വദേശി അറസ്റ്റിൽ. റഷ്യൻ എയർലൈനായ പോബെഡയിൽ ജോലി ചെയ്തിരുന്ന അനസ്താസിയ (25) കൊല്ലപ്പെട്ട സംഭവത്തിൽ ആൽബർട്ട് മോർഗൻ (41) ആണ് അറസ്റ്റിലായത്. തന്റെ മുൻ ഭാര്യ പണത്തിനായി ലൈംഗികവൃത്തിയില്‍ ഏർപ്പെട്ടിരുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.

അനസ്താസിയയുടെ കഴുത്തിലും കൈകാലുകളിലുമായി 15 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോട്ടലിലെ അലക്കുശാലയിൽ നിന്നെടുത്ത വസ്ത്രം ധരിച്ച്, അതിഥിയാണെന്ന് ഹോട്ടൽ ജീവനക്കാരിയെ വിശ്വസിപ്പിച്ചാണ് അനസ്താസിയയുടെ മുറിയിൽ പ്രവേശിച്ചത്. നിയമോപദേശകനായി ജോലി ചെയ്തിരുന്ന മോർഗനും അനസ്താസിയയും രണ്ട് വർഷം ഒരുമിച്ച് ജീവിച്ചശേഷമാണ് വേർപിരിഞ്ഞത്.

വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം മോർഗൻ അനസ്താസിയയുടെ സ്വകാര്യ സന്ദേശങ്ങൾ പരിശോധിച്ചു. തങ്ങൾ വിവാഹിതരായിരുന്ന സമയത്ത് ഭാര്യ പണത്തിനായി ലൈംഗികവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി മോർഗനു സംശയമുണ്ടായി. ഇതേത്തുടർന്ന്, റഷ്യയിൽ നിന്നും 4345 കി.മീ. ദൂരം സഞ്ചരിച്ച് ഇയാൾ ദുബായിൽ എത്തി.

അനസ്താസിയയുടെ ദേഹത്ത് പെയിന്റ് ഒഴിക്കാനും കത്രിക ഉപയോഗിച്ച് മുടി മുറിക്കാനുമാണ് മോർഗൻ ആദ്യം പദ്ധതിയിട്ടിരുന്നത്. മുറിയിൽ പ്രവേശിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന്, അനസ്താസിയയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് രക്തത്തിൽ കുളിച്ച നിലയിൽ അനസ്താസിയയുടെ മൃതദേഹം കണ്ടെത്തിയത്.

ക്രിമിനൽ പശ്ചാത്തലമുള്ള മോർഗൻ ലഹരിമരുന്ന് കേസുകളിൽ നേരത്തെ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ നേരത്തെയും കുടുംബപരമായ തർക്കങ്ങൾ ഉണ്ടായിരുന്നതായും അനസ്താസിയ ഇയാൾക്കെതിരെ പരാതികൾ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് പരാതികൾ പിൻവലിക്കുകയായിരുന്നു.ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന്, റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടി. കൊലപാതകത്തിനു ശേഷം റഷ്യയിലേക്കു മടങ്ങിയ മോർഗൻ, ജയിൽ ശിക്ഷ ഒഴിവാക്കാനായി യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല. മോർഗനെ റഷ്യൻ പൊലീസ് റിമാൻഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.