Kerala

മൂന്നു യുവ ഡോക്ടർമാരുടെ സാഹസിക രക്ഷാദൗത്യത്തിനും ജീവൻ രക്ഷിക്കാനായില്ല, പ്രാർഥനകൾ വിഫലം; ലിനു യാത്രയായി

തൃപ്പൂണിത്തുറ ∙ റോഡരികിലെ മങ്ങിയ വെളിച്ചത്തിൽ 3 ഡോക്ടർമാർ നടത്തിയ സാഹസിക ശസ്ത്രക്രിയ, ആ സമർപ്പിത സേവനത്തിനു കയ്യടിച്ച് നാടാകെ ഉരുവിട്ട പ്രാർഥനകൾ… എല്ലാം വിഫലം. ഞായറാഴ്ച രാത്രി ഉദയംപേരൂരിൽ അപകടത്തിൽപെട്ടു ഗുരുതര നിലയിലായിരുന്ന സ്കൂട്ടർ യാത്രികൻ കൊല്ലം പത്തനാപുരം സ്വദേശി വി.ഡി.ലിനു (40) മരണത്തിനു കീഴടങ്ങി.

മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ ലിനുവിന്റെ മുഖമാകെ തകർന്നിരുന്നു. ശ്വസിക്കാനാകാതെ, രക്തം വാർന്ന് റോഡിൽ കിടന്നു പിടയുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ആർഎംഒ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസ് എന്നിവർ 2 കാറുകളിലായി അതുവഴി വന്നത്.

ലിനു അത്യാസന്നനിലയിൽ ആയിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ അവർ വഴിയരികിൽ തന്നെ നടത്തി. നാട്ടുകാർ എത്തിച്ച ബ്ലേഡ് കൊണ്ടു ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്കു ചെറിയ പ്ലാസ്റ്റിക് സ്ട്രോ കടത്തിയാണ് ശ്വസനം വീണ്ടെടുത്തത്. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.

കൊച്ചിയിലെ മൗസി ഫുഡ് കമ്പനി റീജനൽ മാനേജരായ ലിനു മക്കൾക്കുള്ള ക്രിസ്മസ് സമ്മാനവുമായി നാട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. പത്തനാപുരം പുന്നല ഇഞ്ചൂർ ലിനേഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകനാണ്. ഭാര്യ: ജിജി. മക്കൾ: ഏയ്ഞ്ചൽ, ആൻഡ്രിയ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മാ പള്ളിയിൽ.

∙ ‘നിമിഷങ്ങൾക്കകം മരിക്കാമെന്ന അവസ്ഥയിലായിരുന്നു ലിനു. ശ്വാസമെടുക്കാവുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ ആശ്വാസം തോന്നിയിരുന്നു. തിങ്കളാഴ്ച രാവിലെയും പുരോഗതിയുണ്ടെന്നാണ് അറിഞ്ഞത്.’ – ഡോ. ബി. മനൂപ്

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.