രാജകുമാരി (ഇടുക്കി) ∙ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഇവരുടെ മകളുടെ മകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31) എന്നിവരെയാണ് പാലക്കാട്ടു നിന്ന് രാജാക്കാട് എസ്എച്ച്ഒ വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിൽ ഒരാളായ തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-38) നേരത്തേ മണർകാട് ഉള്ള വാടകവീട്ടിൽനിന്ന് അറസ്റ്റിലായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്.
കഴിഞ്ഞ 16 നാണ് രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ മാതാവ് മറിയക്കുട്ടിയെ(80) ഊൺമേശയുടെ കാലിൽ തുണി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ഒരു പവൻ തൂക്കം വരുന്ന മൂന്നു സ്വർണമോതിരങ്ങളും അലമാരയിൽ ഉണ്ടായിരുന്ന 3,000 രൂപയും അനില, സോണിയ, അൽത്താഫ് എന്നിവർ ചേർന്ന് മോഷ്ടിച്ചത്. മോഷണത്തിനിടെ മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ കടന്നുകളഞ്ഞു.
സംഭവത്തിനു ശേഷം ടോമിയുടെ വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. അൽത്താഫിന്റെ സഹോദരന്റെ ബൈക്കാണിതെന്ന് പൊലീസ് കണ്ടെത്തി. അൽത്താഫാണ് ബൈക്കുമായി വീട്ടിൽനിന്ന് പോയതെന്ന് സഹോദരൻ പൊലീസിനോടു പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയായ അൽത്താഫ് ഇതിനിടെ കടന്നുകളഞ്ഞിരുന്നു. എങ്കിലും കൃത്യത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സോണിയയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സോണിയയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചത്.
2 വർഷം മുൻപ് പന്നിയാർകുട്ടി ഉണ്ടമലയിലെ വീട്ടിൽ 10 കിലോഗ്രാമിലധികം കഞ്ചാവ് സൂക്ഷിച്ചതിന് അറസ്റ്റിലായ സൈബു മുട്ടം ജയിലിൽ റിമാൻഡിലായിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു മോഷണക്കേസിൽ റിമാൻഡിലായിരുന്ന അൽത്താഫിനെ പരിചയപ്പെട്ടത്. ജയിലിൽനിന്ന് ഇറങ്ങിയ ശേഷവും ഇവർ തമ്മിൽ സൗഹൃദം തുടർന്നു. ഒരു സുഹൃത്തിന്റെ വിവാഹദിവസമാണ് അമ്മയുടെ വീട്ടിൽ മോഷണം നടത്താൻ സൈബുവും മറ്റ് 3 പ്രതികളും പദ്ധതി തയാറാക്കിയത്.
ടോമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് അനില, സോണിയ എന്നിവരെ സൈബു കാറിൽ ഇവിടെയെത്തിച്ചു. അൽത്താഫ് ബൈക്കിലാണ് ഇവിടേക്ക് വന്നത്. സംഭവത്തിനു ശേഷം ബൈക്ക് ഉപേക്ഷിച്ച് അൽത്താഫും മറ്റു 2 പ്രതികളും സൈബുവിന്റെ കൂടെ കാറിൽ തിരികെപ്പോയി. സോണിയയും അൽത്താഫും മണർകാട്ടേക്കും സൈബുവും അനിലയും അമയപ്രയിലേക്കുമാണ് പോയത്. 2 ദിവസത്തിനു ശേഷം അൽത്താഫ് ഇവിടെനിന്ന് മുങ്ങി. സോണിയ അറസ്റ്റിലായതോടെ സൈബുവും അനിലയും പാലക്കാട്ടേക്കും പോയി. പിടിയിലാകാതിരിക്കാൻ ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം.എന്നാൽ ഫോൺ വിവരങ്ങൾ ഉൾപ്പെടെ പിന്തുടർന്ന പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർ കൃത്യത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ അൽത്താഫിന് വേണ്ടിയും അന്വേഷണമാരംഭിച്ചു. അറസ്റ്റിലായ സൈബു, അനില എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.














