തിരുവനന്തപുരം∙ ക്രിസ്മസ് തലേന്ന് രാത്രിയില്‍ കാട്ടാക്കടയില്‍ വന്‍ മോഷണം. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. മുന്‍വശത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. ബുധനാഴ്ച വൈകിട്ട് ആറിനും ഒൻപതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
രാത്രി 9ന് പള്ളിയില്‍നിന്ന് ഷൈനിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങളും ഷൈനിന്റെ വിദേശത്തുള്ള ഭാര്യാസഹോദരിയുടെ ആഭരണങ്ങളും ഉള്‍പ്പെടെ നഷ്ടമായി. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയം. ഫ്യൂസ് ഊരിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.














