കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് എറണാകുളം- പുണെ എക്സ്പ്രസ് നിർത്തിച്ച് വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചത്. ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാട്ടിയാണ് ഇവർ ട്രെയിൻ നിർത്തിച്ചത്. അപായ സിഗ്നലാണെന്നു കരുതി ട്രെയിൻ നിർത്തുകയായിരുന്നു.
സംഭവം അന്വേഷിച്ച കണ്ണൂർ റെയിൽവേ പൊലീസാണ് വിദ്യാർഥികളെ അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർഥികൾ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ അനുകരിക്കുമെന്ന ആശങ്കയുള്ളതിനാൽ ദൃശ്യങ്ങൾ പുറത്തുവിടേണ്ടെന്നാണ് പൊലീസ് തീരുമാനം.














