മുംബൈ ∙ വിലക്കു ലംഘിച്ചു പൊതുസ്ഥലത്ത് പ്രാവിനു തീറ്റ കൊടുത്ത മുംബൈ വ്യവസായി നിതിൻ സേഠിനു ബാന്ദ്ര കോടതി 5000 രൂപ പിഴ ചുമത്തി. രോഗാണുക്കൾ പടരാനും ജീവന് അപകടം ഉണ്ടാകാനും സാധ്യതയുള്ള പ്രവൃത്തി ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണു നടപടി. ഓഗസ്റ്റ് ഒന്നിനാണ് അടച്ചിട്ട കബൂത്തർഖാനയ്ക്കു സമീപം പ്രാവിനു തീറ്റ കൊടുത്തത്.
പ്രാവുകളുടെ ആധിക്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് നഗരത്തിലെ കബൂത്തർഖാനകൾ അടച്ചുപൂട്ടാനുള്ള നടപടിയുമായി ബിഎംസി രംഗത്തെത്തിയത്. ജൈനമത വിശ്വാസികളും ഗുജറാത്തികളും ഇതിനുപിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രാവുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ വിദഗ്ധ സമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. കബൂത്തർഖാനകളുമായി ബന്ധപ്പെട്ട് മൃഗസ്നേഹികൾ നൽകിയ പരാതിയിൽ ഹൈക്കോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കൂടി ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനം. പ്രാവുകൾക്ക് തീറ്റ കൊടുക്കാൻ നഗരത്തിനു പുറത്ത് ചില സ്ഥലങ്ങളിൽ ബിഎംസി അനുമതി നൽകിയിട്ടുണ്ട്.














