മുംബൈ∙ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് ചുട്ടമറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയാണ് തനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ മറുപടി നൽകിയത്. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നു യുവതി സ്റ്റേജിൽ നിന്നു കൊണ്ട് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ ഇരുന്ന മധ്യവയസ്കൻ യുവതിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇതോടെ പ്രഞ്ജൽ പാട്ട് നിർത്തി. ‘‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറുക’’ – പ്രഞ്ജൽ പറഞ്ഞു. പിന്നാലെ സ്റ്റേജിലേക്കു കയറരുതെന്ന് ജനക്കൂട്ടത്തോടും ഗായിക ആവശ്യപ്പെട്ടു. ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഗായിക മുന്നറിയിപ്പ് നൽകിയത്. വൈറലായ ‘52 ഗജ് കാ ദമൻ’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. പ്രഞ്ജലിന്റെ വൈറൽ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.














