Kerala

ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി, വേദന സഹിച്ചത് അഞ്ചു മാസം; വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന്റെ കാലിൽ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്ന് വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ പരാതി. യുവാവ് വേദന സഹിച്ചു നടന്നത് അഞ്ചു മാസം. പിന്നീട് സഹകരണ ആശുപത്രിയിൽ എത്തിച്ച് മുറിവിൽ നിന്ന് ചില്ല് നീക്കി.

പുന്നപ്ര തെക്ക് പഞ്ചായത്ത് കൊച്ചുപറമ്പ് വീട്ടിൽ അനന്തുവിന്‍റെ വലതു കാലിലാണ് തറഞ്ഞു കയറിയ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയത്. ജൂലൈ 17 ന് രാത്രി വളഞ്ഞവഴിയില്‍ വച്ച് ബൈക്കിൽ കാറിടിച്ച് അനന്തുവിന് പരുക്കേറ്റിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അനന്തുവിന്‍റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്റ്റര്‍ ഇട്ടശേഷം വാർഡിൽ അഡ്മിറ്റാക്കി. പരിശോധനകള്‍ക്ക് ശേഷം മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം തുന്നൽ എടുത്ത് വിട്ടയച്ചു. ലൈറ്റ് ആന്‍റ് സൗണ്ട് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അനന്തുവിന് പിന്നീട് ജോലിക്ക് പോകാന്‍ കഴിയാതായി.

കാലിന് വേദനയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴയും ഉണ്ടായതോടെ ഡിസംബർ 22ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഷുഗര്‍ കൂടുതലാണെന്നും ഐസിയുവില്‍ കിടക്ക സൗകര്യങ്ങള്‍ ഇല്ലെന്നുമാണ് രാത്രി ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ പറഞ്ഞതെന്ന് അനന്തു ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാൻ ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിച്ചു.

പിന്നീട് പുന്നപ്ര സഹകരണ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരുന്ന ഭാഗത്ത് ചില്ല് ഉള്ളതായി കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കാല്‍മുട്ടിന്റെ ഭാഗത്തു നിന്ന് ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തു. അപകട സമയത്ത് മുറിവേറ്റ ഭാഗത്ത് തറച്ച് കയറിയ ചില്ലാകാം ഇതെന്നാണ് കരുതുന്നത്. ആശുപത്രി സൂപ്രണ്ടിന് പുറമെ ജില്ലാ കലക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.