സിഗററ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് പുതിയ എക്സൈസ് നികുതി പ്രഖ്യാപിച്ച് കേന്ദ്രം. ഇതു പ്രാബല്യത്തിൽ വരുന്ന തീയതിയും തീരുമാനിച്ചു. ധനമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ ഇറങ്ങിയതിനു പിന്നാലെ സിഗററ്റ് നിർമാണക്കമ്പനികളുടെ ഓഹരികൾ നേരിട്ടത് കനത്ത തകർച്ച.ഈ രംഗത്തെ പ്രമുഖരായ ഐടിസിയുടെ ഓഹരിവില 10 ശതമാനത്തിലധികവും ഗോഡ്ഫ്രേയുടേത് 20 ശതമാനത്തിനടുത്തും ഇടിഞ്ഞു. ഐടിസിയുടെ ഓഹരിവില 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ചയിലേക്ക് വീണു; വിപണി മൂല്യത്തിൽ നിന്ന് ഇന്ന് ഒറ്റദിവസം 45,000 കോടിയോളം രൂപയും ചോർന്നു.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരുംവിധമാണ് പുതിയ എക്സൈസ് നികുതി ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓരോ 1,000 സിഗററ്റിനും 2,050 മുതൽ 8,500 രൂപവരെ നികുതി ബാധകമാകും. 40% ജിഎസ്ടിക്ക് പുറമേയാണിത്. ഒരു സിഗരറ്റിന്‍റെ വിലയിൽ 2.5 രൂപ മുതൽ 11 രൂപ വരെ നികുതി വർധിക്കും. രാജ്യത്ത് പുകവലിക്കുന്ന 10 കോടി ആളുകളെ തീരുമാനം ബാധിക്കും. സർക്കാരിന്‍റെ നികുതി വരുമാനം കൂടും. പുകയില ഉൽപന്നങ്ങൾക്ക് ഇതുവരെ ചുമത്തിയിരുന്ന താൽക്കാലിക നികുതിക്ക് പകരമാണ് പുതിയ നികുതി. ഇതു സംബന്ധിച്ച ബിൽ പാസാക്കിയത് കഴിഞ്ഞ ഡിസംബറിൽ. നിലവിൽ 28% ജിഎസ്‍ടിയും വിവിധ സെസുകളും അടക്കം 53 ശതമാനമാണ് സിഗരറ്റിനുള്ള ആകെ നികുതി. ഇനിമുതൽ 40% ജിഎസ്‍ടിക്ക് പുറമെ എക്സൈസ് ഡ്യൂട്ടിയും ആരോഗ്യ, സുരക്ഷാ സെസും ചുമത്തും. ഇതോടെ ഇവയുടെ ആകെ നികുതിഭാരവും വിലയും ഉയരും.
സിഗരറ്റ് വിലയിൽ 20–30% വരെ വർധനയുണ്ടാകും. നീളം, ഫിൽറ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് നികുതി നിർണയം. സിഗരറ്റിന്‍റെ നീളം കുറഞ്ഞാൽ നികുതിയും കുറയും. നികുതി വർധന ഇങ്ങനെ(ഒരു സിഗററ്റ് എന്നതിന്റെ കണക്കിൽ)∙ 65 മില്ലി മീറ്റര്‍ വരെ നീളമുള്ളതിന് 2.7 രൂപ മുതൽ മൂന്ന് രൂപ വരെ ∙ 65–70 മില്ലി മീറ്റർ വരെയുള്ളതിന് 4.5 രൂപ ∙ 70–75 മില്ലി മീറ്റർ വരെയുള്ളതിന് ഏഴ് രൂപ ∙ മറ്റുള്ളവയ്ക്ക് 11 രൂപ വരെ
വിൽപന ഇടിയാതിരിക്കാനായി, തുടക്കത്തിൽ കമ്പനികൾ നികുതിഭാരം സ്വയം വഹിച്ചേക്കാം. അതായത്, ഉപഭോക്താവ് വാങ്ങുന്ന സിഗററ്റിന് വില കൂടണമെന്നില്ല. പിന്നീട് ഘട്ടംഘട്ടമായാകും കമ്പനികൾ സിഗററ്റിന്റെ വില കൂട്ടിയേക്കുക.














