ഗാസിയാബാദ് ∙ വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ മക്കൾക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി. 2025 ഡിസംബർ 26നു കൊല്ലപ്പെട്ട 58 കാരനായ യോഗേഷ് കുമാറിന്റെ കൊലപാതകത്തിൽ രണ്ടു പേരെ യുപി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിസംബർ 26നു ഗാസിയാബാദിലെ അശോക് വിഹാറിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ ഉച്ചയ്ക്ക് 12.40നു യോഗേഷ് കുമാറിനെ വെടിവച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യോഗേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൽ യുപി പൊലീസിലെ ഒരു കോൺസ്റ്റബിളിനും പങ്കുണ്ടെന്ന് കണ്ടെത്തി. യോഗേഷ് കുമാറിന്റെ അയൽവാസിയായ അരവിന്ദ് എന്നയാൾക്കാണ് അച്ഛനെ കൊല്ലാനുള്ള ക്വട്ടേഷൻ മക്കൾ നൽകിയത്. അരവിന്ദ് ഭാര്യ സഹോദരനായ നവീനൊപ്പമാണ് കൃത്യം നടത്തിയത്. യുപി പൊലീസ് ഉദ്യോഗസ്ഥനാണ് നവീൻ. പൊലീസ് പിടിയിലായ അരവിന്ദിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ പക്കൽനിന്നും വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.













