കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു തൃശൂര്‍ പൂരത്തിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള മഹാദേവൻ. സ്ഥിരമായി എഴുന്നള്ളത്തിനും മറ്റും കൊണ്ടുപോയിരുന്ന ആനയാണ് മഹാദേവനെന്നാണ് ആനയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ആന കുഴഞ്ഞു വീണതിനു പിന്നാലെ വെറ്ററിനറി ഡോക്ടർമാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മരണം സ്ഥിരീകരിച്ചു.
നിലമ്പൂർ കാടുകളിൽ നിന്നാണ് നെല്ലിക്കാട്ട് മഹാദേവനെ ലഭിക്കുന്നത്. മഹാദേവന് 50 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. 22 വർഷത്തോളം പ്ലാത്തോട്ടം കുടുംബക്കാരുടെ വകയായി പ്ലാത്തോട്ടം ബാബു എന്ന പേരിലാണ് മഹാദേവൻ അറിയപ്പെട്ടിരുന്നത്. ഇതിനിടയിലാണ് തുറുപ്പുഗുലാനിൽ അഭിനയിക്കുന്നതും ഒട്ടേറെ പേരുടെ ഇഷ്ടക്കാരനായി മാറുന്നതും. ഒൻപതേ മുക്കാൽ അടിയോളമാണ് മഹാദേവന്റെ ഉയരം. ശാന്തസ്വഭാവവും തടിച്ച ശരീരവും മുഖഭംഗിയുമാണ് മഹാദേവന് സിനിമയിലും ഇടംനേടിക്കൊടുത്തത്. ഇതോടെ ഒട്ടേറെ ആരാധകരുമുണ്ടായി.
ഇതിനു ശേഷമാണ് 2011ൽ കൂത്താട്ടുകുളം ശ്രീധരീയം നേത്ര ആയുർവേദ ആശുപത്രിയുടെ ഉടമകളായ നെല്യക്കാട്ട് മനയിലേക്ക് പ്ലാത്തോട്ടം ബാബു എത്തുന്നത്. ഇതോടെ നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള നെല്യക്കാട്ട് മഹാദേവനായി ആന മാറി. ഈ മനയുടെ മുറ്റത്തു തന്നെയായിരുന്നു മഹാദേവൻ നിന്നിരുന്നത്. മദപ്പാടിന്റെ സമയത്തും കാര്യമായ പ്രശ്നങ്ങളൊന്നും മഹാദേവൻ ഉണ്ടാക്കിയിരുന്നില്ല എന്നാണ് ആനപ്രേമികൾ പറയുന്നത്.














