നാസിക് ∙ മഹാരാഷ്ട്രയിലെ സിന്നാർ താലൂക്കിൽ പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കർഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകനും ആക്രമിക്കാനെത്തിയ പുലിയും കിണറ്റിൽ വീണു. ഗോരഖ് ജാദവ് എന്ന കർഷകനെയാണ് ഗോതമ്പു പാടത്തുവച്ച് പുലി ആക്രമിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് കർഷകനെ പുലി ആക്രമിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജാദവ് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു, പുലിയും അതേ കിണറ്റിലേക്ക് വീണു. എന്നാൽ ഗുരുതരമായി പരുക്കേറ്റ ജാദവ് മരണത്തിനു കീഴടങ്ങി.
സംഭവമറിഞ്ഞു വനപാലകർ എത്തിയെങ്കിലും നാട്ടുകാർ അക്രമാസക്തരായതോടെ ഉദ്യോഗസ്ഥർക്കു കിണറിനു സമീപത്തേക്ക് പോകാനായില്ല. കിണറിൽനിന്നും പുലിയെ രക്ഷിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ജനക്കൂട്ടം എത്തിയതോടെ മൂന്ന് മണിക്കൂറോളം സ്ഥലത്തു സംഘർഷാവസ്ഥ നിലനിന്നു. ഈ സമയം കിണറിൽ വീണപ്പോഴുണ്ടായ പരുക്കു മൂലം പുലി ചത്തു. തുടർന്നു ജാദവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കും പുലിയുടെ ജഡം വനം വകുപ്പും കൊണ്ടുപോയി.














