Kerala

യുവതിയുടെ വീട്ടുകാരുടെ മതിപ്പു നേടാൻ വാഹനാപകട നാടകം; യുവാവും സുഹൃത്തും നരഹത്യാശ്രമത്തിന് അറസ്റ്റിൽ

പത്തനംതിട്ട ∙ ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ മതിപ്പു നേടാൻ സൃഷ്ടിച്ച വാഹനാപകടത്തിൽ രക്ഷകനായെത്തിയ യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റിൽ. ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജൻ (24), രണ്ടാം പ്രതി കോന്നി പയ്യനാമൺ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 23നു വൈകിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റിൽവച്ച് അജാസ് കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ പോയി. ഉടൻ മറ്റൊരു കാറിൽ സ്ഥലത്തെത്തിയ ര‍ഞ്ജിത് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചു. താൻ യുവതിയുടെ ഭർത്താവാണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതിൽ പൊലീസിനു സംശയം തോന്നിയിരുന്നു. കാർ ഓടിച്ചയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. അപകടത്തിൽ യുവതിയുടെ വലതു കൈക്കുഴ തെറ്റുകയും ചെറുവിരലിനു പൊട്ടലുണ്ടാകുകയും ചെയ്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷിജു പി.സാമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.