ചെന്നൈ ∙ തിരുനെൽവേലി എംഎസ് സർവകലാശാലയിലെ ബിരുദദാന സമ്മേളനത്തിനിടെ, ഗവർണറിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച വിദ്യാർഥിനിയുടെ പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.ഈ കാരണത്തിന്റെ പേരിൽ ബിരുദം റദ്ദാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഗവർണർ പദവിയെ അപമാനിക്കുന്നതാണു യുവതിയുടെ പ്രവൃത്തിയെന്നാരോപിച്ച് തിരുച്ചെന്തൂർ സ്വദേശി രാംകുമാർ ആദിത്യനാണ് ഹർജി നൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബിരുദദാന പരിപാടിക്കിടെയാണു നാഗർകോവിൽ സ്വദേശിനി ജീൻ ജോസഫ് ഗവർണർ ആർ. എൻ. രവിയെ അവഗണിച്ച് വൈസ് ചാൻസലറിൽ നിന്നു സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.














