ബത്തേരി : കേന്ദ്ര വന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. പി സന്തോഷ് കുമാർ എം പി പറഞ്ഞു. ബത്തേരിയിൽ നടന്ന കർഷക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർക്ക് എതിരായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾ ചെറുക്കാൻ നിയമ നിർമാണങ്ങൾ നടത്തണം. കേന്ദ്ര നിയമങ്ങൾ മാറ്റിയാലെ കർഷകരെ സംരക്ഷിക്കാൻ സാധിക്കുകയുള്ളു. മനുഷ്യർക്ക് പോകാൻ ഇടമില്ലാത്ത അവസ്ഥ വയനാട്ടിൽ ഉണ്ടായിരിക്കുന്നു. സംസ്ഥാനങ്ങളിലെ ഉൽപാദന ചെലവുകൾക്ക് അനുസരിച്ച് കാർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കണം. അന്താരാഷ്ട്ര കരാറുകൾ കൊണ്ട് ചെറുകിട കർഷകർക്ക് ഗുണം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന വിത്തു ബിൽ കാർഷിക മേഖലയെ തകർക്കും. ഇതിനെതിരെ ശക്തമായ കർഷക പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എം ദിനകരൻ , സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു, പി എം ജോയി, എ പ്രദീപൻ, ഡോ. അമ്പി ചിറയിൽ, സി പി ഷൈജൻ, ടി കെ രാജൻ മാസ്റ്റർ, തുളസീദാസ് മേനോൻ , ദീപ എസ് നായർ പ്രസംഗിച്ചു.














