Listen live radio

കേരള ഭൂപതിവ് നിയമ ഭേദഗതി: വയനാട് റവന്യൂ പട്ടയ കര്‍ഷക സംരക്ഷണ സമിതി കേസില്‍ കക്ഷി ചേരുന്നു

after post image
0

- Advertisement -

കല്‍പറ്റ: 2017ലെ കേരള ഭൂപതിവ് നിയമഭേദഗതിക്കെതിരെയും റവന്യൂ പട്ടയഭൂമികളിലെ ചന്ദനം ഒഴികെ മരങ്ങള്‍ മുറിക്കുന്നതിനു ഭൂവുടമകളെ അനുവദിച്ചു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 മാര്‍ച്ച് 11നു പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടും തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വയനാട് റവന്യൂ പട്ടയ കര്‍ഷക സംരക്ഷണ സമിതി കേസില്‍ കക്ഷി ചേരുന്നു. ഭൂപതിവ് ഭേദഗതിയില്‍ വ്യക്തത വരുത്തി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് വണ്‍ എര്‍ത്ത് വണ്‍ ലൈഫിന്റെ ഹരജിയില്‍ ഹൈക്കോടതി ചീഫ ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരിക്കയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആയിരക്കണക്കിനു ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുനഃസ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ എന്ന നിലയിലാണ് കര്‍ഷക സംരക്ഷണ സമിതി കേസില്‍ കക്ഷി ചേരുന്നത്. ഇതിനുള്ള അപേക്ഷ സമിതിക്കു വേണ്ടി പ്രസിഡന്റ് ടി.എം.ബേബിയും സെക്രട്ടറി കെ.ആര്‍.ജയരാജും അടുത്ത ദിവസം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
ജന്‍മം പട്ടയഭൂമിയിലെ കര്‍ഷകര്‍ക്ക് മരങ്ങളില്‍ അവകാശവും മുറിച്ചുവില്‍ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ 1960ലെ ലാന്‍ഡ് അസൈന്‍മെന്റ് നിയമ പ്രകാരം മരവിലയും സ്ഥലവിലയും ഈടാക്കി കൈവശക്കാര്‍ക്കു പട്ടയം അനുവദിച്ചപ്പോള്‍ ഭൂമിയിലെ റിസര്‍വ് മരങ്ങളുടെ അവകാശം സര്‍ക്കാര്‍ നിലനിര്‍ത്തി. ഈ അവസ്ഥയക്കു മാറ്റംവരുത്തി റിസര്‍വ് മരങ്ങളുടെ പൂര്‍ണാവകാശം ഭൂവുടമകള്‍ക്കു നല്‍കണമെന്ന കര്‍ഷക കൂട്ടായ്മകളുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കര്‍ഷക കൂട്ടായ്മകള്‍ ചെലുത്തിയ നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നു 2017ല്‍ ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് സര്‍ക്കാര്‍ ഭേദഗതി ചെയ്‌തെങ്കിലും റവന്യൂ പട്ടയ ഭൂമിയിലെ റിസര്‍വ് മരങ്ങള്‍ കൈവശക്കാര്‍ക്കു മുറിക്കുന്നതിനും വില്‍ക്കുന്നതിനും സാഹചര്യം ഒരുങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് ഭൂപതിവ് ഭേദഗതി നിയമത്തില്‍ വ്യക്തത വരുത്തി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവായത്.
റവന്യൂ പട്ടയഭൂമികളിലെ നട്ടുവളര്‍ത്തിയതും അല്ലാത്തതുമായ വൃക്ഷങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കാന്‍ ഭൂവുടമകളെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഉത്തവിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന മരംമുറി പരിസ്ഥിതി നാശത്തിനു കാരണമാകുമെന്ന അഭിപ്രായത്തിലായിരുന്നു പരിസ്ഥിതി സംഘടനകള്‍. ഉത്തരവ് വനം വകുപ്പിലും മുറുമുറുപ്പിനു കാരണമായി.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് റവന്യൂ പട്ടയം ഉടമകളില്‍ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരെ ആഹഌദത്തിലാക്കിയിരുന്നു. കൈവശഭൂമിയിലെ ഉണങ്ങിയതും വീണുകിടക്കുന്നതുമടക്കം തേക്ക്, വീട്ടി മരങ്ങള്‍ മുറിച്ചുവിറ്റ് സാമ്പത്തിക പ്രതിസന്ധി തത്കാലം മറികടക്കാമെന്ന ചിന്തയിലായിരുന്നു കര്‍ഷകര്‍. മരങ്ങള്‍ കച്ചവടം ചെയ്യാമെന്ന പ്രതീക്ഷയില്‍ പ്രായമെത്തിയ പെണ്‍മക്കളുടെ വിവാഹാലോചന തുടങ്ങിവച്ചവര്‍പോലും കര്‍ഷകര്‍ക്കിടയിലുണ്ട്.
വയനാട്ടിലെ മൂന്നു താലൂക്കുകളിലായി (ബത്തേരി,മാനന്തവാടി,വൈത്തിരി) ഏകദേശം 12,000 ഏക്കര്‍ റവന്യൂ പട്ടയഭൂമിയുണ്ട്.
ചില കര്‍ഷക കൂട്ടായ്മകള്‍ നേരത്തേ നടത്തിയ കണക്കെടുപ്പനുസരിച്ചു ഇത്രയും ഭൂമയിലായി 22,570 വീട്ടിമരങ്ങളാണ് ഉള്ളത്. ഇതില്‍ 2,653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം. പൂര്‍ണ വളര്‍ച്ചയെത്തിയ 7,172-ഉം പൂര്‍ണവളര്‍ച്ചയെത്താത്ത 4,493-ഉം വീട്ടിമരങ്ങളും റവന്യൂ പട്ടയഭൂമികളിലുണ്ട്. ഉണങ്ങിയതും വീണതുമായ മരങ്ങള്‍ക്കു മാത്രം കോടിക്കണക്കിനു രൂപ വില മതിക്കും.
ഉണങ്ങിയതും കേടുപിടിച്ചതുമായ വീട്ടികള്‍ മുറിക്കുന്നതു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു ഇടയാക്കില്ലെന്നു കര്‍ഷകര്‍ പറയുന്നു. വീട്ടിയുടെ തൈകള്‍ വേരുകളിലാണ് മുളയ്ക്കുന്നത്.
മുറിച്ച മരങ്ങളുടെ വേരുകളില്‍നിന്നു നിരവധി തൈകള്‍ മുളയ്ക്കുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
റവന്യൂ പട്ടയഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങള്‍ മുറിക്കാന്‍ കൈവശക്കാരെ അനുവദിക്കുന്ന ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന നിലപാടിലാണ് ജില്ലയിലെ കര്‍ഷക സംഘടനകള്‍ പൊതുവെ. കഴിഞ്ഞ ദിവസം കല്‍പറ്റയില്‍ ചേര്‍ന്ന ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്തയോഗം റവന്യൂ പട്ടയ കര്‍ഷക സംരക്ഷണ സമിതിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.