തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വിജയിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 2016ൽ വിജയിച്ച മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ മാനന്തവാടി നിലനിർത്തുകയും കൽപ്പറ്റയും സുൽത്താൻ ബത്തേരിയും തിരിച്ചുപിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയത്തിലേയ്ക്ക് കടക്കുന്നത്.നിലവിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി സിദ്ദിഖ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിനായി 2021ൽ എൽജെഡിയിലെ എം വി ശ്രേയാംസ് കുമാറാണ് ഇവിടെ മത്സരിച്ചത്. ആർജെഡി ആയി മാറിയ ശ്രേയാംസിൻ്റെ പാർട്ടിക്ക് തന്നെ ഇടതുമുന്നണി കൽപ്പറ്റ സീറ്റ് നൽകാനാണ് ഇത്തവണയും സാധ്യത. നിലവിൽ വീണ്ടും മത്സരരംഗത്തേയ്ക്കില്ലെന്ന നിലപാടിലാണ് എം വി ശ്രേയാംസ് കുമാർ. ശ്രേയാംസ് കുമാർ മത്സരരംഗത്ത് നിന്ന് മാറുന്ന സാഹചര്യത്തിൽ മുൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും യുവനേതാവുമായ ജുനൈദ് കൈപ്പാണിക്കാണ് കൽപ്പറ്റയിൽ സാധ്യത. സാമുദായിക സമവാക്യങ്ങളും ജുനൈദ് കൈപ്പാണിക്ക് അനുകൂലഘടകമാണ്. മുസ്‌ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ വെള്ളമുണ്ട ഡിവിഷനിൽ നിന്നായിരുന്നു 2020 ജുനൈദ് കൈപ്പാണി ജില്ലാ പഞ്ചായത്തിലേയ്ക്ക് അട്ടിമറി വിജയം നേടിയത്. സിപിഐഎമ്മിന് താൽപ്പര്യമുള്ള സ്ഥാനാർത്ഥിയാണ് ജുനൈദ് എന്നതും അനുകൂലഘടകമാണ്. യുവനേതാക്കളായ പി പി ഷൈജൽ, മുതിർന്ന നേതാക്കളായ നാസർ മച്ചാൻ, അഡ്വ. ജോർജ് പോത്തൻ, കെ എ സ്കറിയ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. സുൽത്താൻ ബത്തേരിയിൽ സിറ്റിങ് എംഎൽഎ ഐ സി ബാലകൃഷ്ണനെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനുള്ള ആലോചനകൾ കോൺഗ്രസിൽ സജീവമാണ്. കഴിഞ്ഞ രണ്ട് ടേമായി സിപിഐഎം വിജയിക്കുന്ന മാനന്തവാടിയിലേയ്ക്ക് ഐ സി ബാലകൃഷ്ണനെ മാറ്റാനാണ് ആലോചന. അങ്ങനെയെങ്കിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി മഞ്ജുകുട്ടനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മുൻ മന്ത്രി പി കെ ജയലക്ഷ്മിയുടെ പേരും ഒരു വിഭാഗം ഐ സി ബാലകൃഷ്ണന് പകരമായി ബത്തേരിയിൽ ഉയർത്തിക്കാണിക്കുന്നുണ്ട്.ഡിസിസി ജില്ലാ ട്രഷററായിരുന്ന എംഎൻ വിജയൻ്റെ ആത്മഹത്യയിൽ അടക്കം ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യവും കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.യുഡിഎഫിലേയ്ക്ക് എത്തിയ സി കെ ജാനു സീറ്റിനായി കടുപിടുത്തം പിടിച്ചാൽ സുൽത്താൻ ബത്തേരി വിട്ടുകൊടുക്കാൻ കോൺഗ്രസ് നിർബന്ധിതരായേക്കും. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സി കെ ജാനു ബത്തേരിയിൽ നിന്ന് മത്സരിച്ചിരുന്നു.














