കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത്.
റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.














