ആര്യനാട് (തിരുവനന്തപുരം) ∙ യുവതിയെ ശരീരത്തിൽ തിളച്ച പാൽ വീണു പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് അറസ്റ്റിലായത് .
കഴിഞ്ഞ മാസം 26ന് ആയിരുന്നു സംഭവം. പാൽ വീണ ശേഷം 2 ദിവസം ചികിത്സ നൽകിയിരുന്നില്ല. എന്നാൽ പൊള്ളൽ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പൊലീസിൽ വിവരം അറിയിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൈ തട്ടി പാൽ ദേഹത്തു വീണുവെന്നാണ് പെൺകുട്ടി ആശുപത്രിയിൽ പറഞ്ഞിരുന്നത്.
മാതാവ് ആശുപത്രിയിൽ എത്തിയതോടെ പെൺകുട്ടി വിവരം പറഞ്ഞു. തുടർന്ന് മാതാവ് ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒപ്പം താമസിച്ചു തുടങ്ങിയ കാലം മുതൽ പ്രതി നിരന്തരം മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ തോൾ മുതൽ കാൽമുട്ടിന്റെ ഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കൽ കോളജ് ഐസിയുവിൽ കഴിയുന്ന പെൺകുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
യുവാവിനെ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ പേരിൽ ആര്യനാട് പൊലീസിൽ ഒട്ടേറെ കേസുകളുള്ളതായി സബ് ഇൻസ്പെക്ടർ കിരൺ ശ്യാം അറിയിച്ചു. വിവാഹിതനായ യുവാവിനൊപ്പം രണ്ടുവർഷം മുൻപാണ് യുവതി താമസം തുടങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.














