പത്തനംതിട്ട∙ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഗർഭിണിയായപ്പോൾ അവഗണിച്ചു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയ ബന്ധങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് ഭീഷണി തുടർന്നു. രാഹുലിനെതിരെ പരാതി നൽകിയവർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ പറയുന്നു.
∙ പരാതിയിലെ പ്രധാന ഭാഗങ്ങൾ:‘‘വിവാഹം കഴിക്കാമെന്ന് രാഹുൽ നിരന്തരം വാഗ്ദാനം ചെയ്തിരുന്നു. 2024 ഏപ്രിൽ എട്ടിന് എന്നെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. മുറി ബുക്ക് ചെയ്യുന്നത് എന്തിനാണെന്നും റസ്റ്ററന്റിൽ ഇരുന്നു സംസാരിച്ചാൽ മതിയല്ലോ എന്നും ഞാൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്നും ആളുകൾ തിരിച്ചറിഞ്ഞ് സെൽഫി എടുക്കാൻ വരുമെന്നും രാഹുൽ പറഞ്ഞു. ഞാൻ മുറി ബുക്ക് ചെയ്തു. ഒറ്റയ്ക്കാണോ എന്ന് ഹോട്ടൽ ജീവനക്കാർ ചോദിച്ചപ്പോൾ കൂടെ ഒരാൾ ഉണ്ടെന്നു പറഞ്ഞു. ഹോട്ടലുകാർ നൽകിയ ഫോമിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നെഴുതാതെ രാഹുൽ ബി.ആർ. എന്നെഴുതി. ഞാൻ ഐഡി കാർഡ് കൊടുത്തു. രാഹുലിന്റെ ഐഡി കാർഡും അവർ ചോദിച്ചു. ആളു വന്നിട്ടു കൊടുക്കാമെന്നു അവരോട് പറഞ്ഞശേഷം റൂമിൽ ചെന്ന് കാത്തിരുന്നു. രാഹുൽ എത്തിയപ്പോൾ റിസപ്ഷനിൽ ഐഡി കാർഡ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞു. നീ മണ്ടിയാണോ എന്നും, എന്റെ പേര് കൊടുത്താൽ ആളുകൾ ശ്രദ്ധിക്കില്ലേ എന്നും പറഞ്ഞു’’.
‘‘രാഹുൽ വന്നാൽ മുറിക്കു പുറത്തു പോയി സംസാരിക്കാമെന്നാണ് കരുതിയിരുന്നത്. രാഹുലിനെ ആദ്യമായാണ് കാണുന്നത്. മുറിയിലേക്ക് വന്നയുടനെ രാഹുൽ അടുത്ത് വന്നിരുന്ന് എന്നെ വട്ടംപിടിച്ചു. എന്റെ മുഖത്തുപോലും നോക്കിയില്ല. കിടക്കയിലേക്ക് തള്ളിയിട്ടശേഷം ക്രൂരമായി പീഡിപ്പിച്ചു. തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് അടിച്ചു, തുപ്പി. ഞാൻ കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഉപദ്രവിച്ചശേഷം അയാൾ വേഗം മുറിവിട്ടു പോയി. ഞാൻ എങ്ങനെയാണ് ബസ് കയറി വീട്ടിലെത്തിയത് എന്ന് അറിയില്ല. രാഹുൽ വീണ്ടും മൊബൈലിൽ സന്ദേശം അയയ്ക്കുന്നത് തുടർന്നു. ചെരുപ്പ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്റെ അനുജത്തിയുടെ കല്യാണം വരികയാണെന്നും അയാൾക്ക് വലിയ ബന്ധങ്ങളുണ്ടെന്നും ഓർമിപ്പിച്ചു. ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി’’.
‘‘ അനുജത്തിയുടെ കല്യാണത്തെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാൽ എതിർക്കാൻ കഴിഞ്ഞില്ല. അതിനാൽ മാത്രമാണ് അയാളോട് ഞാൻ തുടർന്നും സംസാരിച്ചത്. ചെരുപ്പ് വാങ്ങാൻ പതിനായിരം രൂപ അയച്ചു കൊടുത്തു. പിരീഡ്സ് ആകാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. രാഹുലിനെ അറിയിച്ചപ്പോൾ ധൈര്യം തന്നു. വളരെ സ്നേഹത്തിൽ സംസാരിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവഗണിക്കാൻ തുടങ്ങി. ഗർഭത്തിന് ഉത്തരവാദി താനല്ല എന്നു പറഞ്ഞു. രാഹുൽ ഫോണിൽ ബ്ലോക്ക് ആക്കിയിരുന്നതിനാൽ ഇ മെയിലൂടെയും ഗർഭത്തിന്റെ വിവരം അറിയിച്ചിരുന്നു. ഇതിനിടെ, രാഹുലിന്റെ സുഹൃത്ത് ഫെന്നി പറഞ്ഞിട്ട് ചൂരൽമല ദുരിതാശ്വാസ ഫണ്ടിലേക്ക് 5,000 രൂപയും അയച്ചു കൊടുത്തു. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത്, രാഹുൽ ആഹാരം കഴിക്കാൻപോലും പണമില്ലാതെ നട്ടം തിരിയുകയാണെന്ന് ഫെന്നി പറഞ്ഞപ്പോള്‍ 10,000രൂപ അയച്ചു കൊടുത്തു. രാഹുൽ എന്റെ കുട്ടിയുടെ അച്ഛനാണല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. പിന്നീട് ഗർഭം അലസിപ്പോയി ’’.
‘പാലക്കാട് ഫ്ലാറ്റ് വാങ്ങണമെന്ന് സ്നേഹം നടിച്ച് രാഹുൽ എന്നോട് പറഞ്ഞു. 1.14 കോടിരൂപ എന്റെ കയ്യിൽ ഇല്ലാത്തതിനാൽ വാങ്ങാൻ കഴിഞ്ഞില്ല. 2025ൽ രാഹുലിന്റെ വിഷയം സമൂഹമാധ്യമങ്ങളിൽ വരുമ്പോഴാണ് മറ്റു പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. എന്റെ സുഹൃത്തുക്കൾ രാഹുലിനെ കാണാൻ പാലക്കാട് പോയെങ്കിലും സാധിച്ചില്ല. രാഹുലിനെ വിളിച്ചപ്പോൾ നിരന്തരം ഭീഷണിപ്പെടുത്തി. രാഹുലിനെതിരെ പരാതി കൊടുത്ത പെൺകുട്ടിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നൽകാൻ വൈകിയത്’’.














