റായ്പുർ∙ നാലാം ക്ലാസിലെ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപ്പേപ്പറിൽ മതനിന്ദയെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ സർക്കാർ സ്കൂളിലെ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ. അർധ വാർഷിക പരീക്ഷയുടെ ഭാഗമായി ഇംഗ്ലിഷ് ഭാഷയുടെ പരീക്ഷാ ചോദ്യപേപ്പറാണ് വിവാദത്തിലായത്. ചോദ്യപേപ്പർ തയാറാക്കിയത് നക്തി (ഖപ്രി) യിലെ സർക്കാർ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശിഖ സോണി ആണ്. ചോദ്യപേപ്പറിന്റെ മോഡറേറ്റർ ആയിരുന്ന നർമദ വർമയ്ക്ക് എതിരെയും അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കരാർ ജീവനക്കാരിയായ നർമദയെ പിരിച്ചുവിട്ടേക്കും.
റായ്പുർ ഡിവിഷനിലെ സ്കൂളുകളിൽ വിതരണം ചെയ്ത ചോദ്യപേപ്പറുകളാണ് വിവാദത്തിലായത്. ചോദ്യം ഇങ്ങനെ: മോനയുടെ നായ്ക്കുട്ടിയുടെ പേരെന്ത്?താഴെ നൽകിയ നാല് ഉത്തരങ്ങളിൽനിന്ന് ശരിയുത്തരം തിരഞ്ഞെടുക്കണമെന്നാണ് നിർദേശം. നൽകിയ ഉത്തരങ്ങളാകട്ടെ, റാം, ബാല, ഷേരു, ഇവയൊന്നുമല്ല എന്നായിരുന്നു. ഇതിലെ റാം എന്ന പേരാണ് വിവാദത്തിനു കാരണം.
റായ്പുർ ഡിവിഷനിലെ മഹാസമുന്ദ് ജില്ലയിൽ ആണ് ആദ്യം ഈ ചോദ്യപേപ്പർ വിവാദം ഉണ്ടാക്കിയത്. മറ്റു ജില്ലകളിലേക്ക് പിന്നീടത് പടരുകയായിരുന്നു. വലതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു. പരാതിയെത്തുടർന്ന് അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടിയെടുത്തത്.
അതേസമയം, തനിക്കു തെറ്റുപറ്റിയതാണെന്ന് ശിഖ സോണി നൽകിയ മറുപടിയിൽ പറയുന്നുണ്ട്. രാമു എന്നായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും ഇംഗ്ലിഷിൽ തയാറാക്കിയപ്പോൾ RAMU എന്നതിനു പകരം RAM എന്നായി മാറിയത് ആണെന്നുമാണ് ഹെഡ്മിസ്ട്രസ് പറയുന്നത്. പുനഃപരിശോധനയിലും പിശക് കണ്ടെത്താനായില്ലെന്നും അതേപടി അച്ചടിക്കാൻ നൽകിയെന്നും മറുപടിയിൽ പറയുന്നു. റാം എന്ന പേര് കടന്നുകൂടിയത് ശ്രദ്ധിച്ചില്ലെന്ന് നർമദ വർമയും മറുപടി നൽകി.














