മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.ചുരത്തിലെ നിലവിലെ സാഹചര്യം യാത്രക്കാരുടെ സമയ നഷ്ടത്തിനൊപ്പം സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർഥ്യമാക്കണമെന്നും, ചുരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. വയനാട് തുരങ്ക പാത നിർമാണം വേഗത്തിലാക്കി ഗതാഗതം സുഗമമാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും അനാസ്ഥ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യുവജനങ്ങൾ രംഗത്തിറങ്ങുമെന്ന് രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ മുന്നറിയിപ്പ് നൽകി.
ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നത് വയനാടിന്റെ വികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ, കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ട്രഷറർ നവീൻ പുലക്കുടിയിൽ, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം എസ്.എ.ബി.എസ് എന്നിവർ സംസാരിച്ചു.














