ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജിനേഷുമായി പണമിടപാട് നടത്തിയവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. പരാതിയിൽ പരാമർശിക്കുന്ന മൂന്നു പേരിൽ ഒരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. ബാക്കി രണ്ടു പേരെക്കൂടി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇസ്രയേലിൽ കെയർഗീവറായിരിക്കെ കഴിഞ്ഞ ജൂലൈ നാലിനാണ് ജിനേഷിനെ മരിച്ച നിലയിൽ കണ്ടത്. രേഷ്മ കഴിഞ്ഞ 30ന് വിഷം അകത്തു ചെന്ന് മരണപ്പെടുകയും ചെയ്തു. സാമ്പത്തിക പരാധീനത നിമിത്തമാണ് ജിനേഷ് വിദേശ ജോലിക്കു പോയതെന്നും ജിനേഷിനു പണം കടം നൽകിയവർ ഇരുവരെയും പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് വീട്ടുകാർ പറയുന്നത്. ജിനേഷ് കടം വാങ്ങിയിരുന്ന 20 ലക്ഷം രൂപ വിവിധ ഘട്ടങ്ങളായി തിരികെ നൽകിയിരുന്നെന്നും അവർ പറയുന്നു. എന്നാൽ തങ്ങൾക്ക് പണം ലഭിക്കാനുള്ളതിനാലാണ് കോടതി വഴി അറ്റാച്ച്മെന്റ് നോട്ടീസ് നൽകിയതെന്നാണ് പണമിടപാടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച മൊഴികളിലുള്ളതെന്നറിയുന്നു. ജിനേഷിന്റെയും രേഷ്മയുടെയും കുടുംബാംഗങ്ങൾ നൽകിയിട്ടുള്ള പരാതികളിൽ പരാമർശിക്കപ്പെട്ടവരോട് ഹാജരാകാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
നേരത്തെ ജിനേഷ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും വിളിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന വിധത്തിൽ പറഞ്ഞ വിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി വരികയാണ്. ജിനേഷിന്റെ ദുരൂഹമരണത്തിന്റെ യഥാർഥ വിവരം എംബസി വഴി ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഒപ്പം ഇരുവരുടെയും മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ അഴിക്കണമെന്നും.














