ഉപ്പുതൊട്ടു കർപൂരം വരെ ഇപ്പോൾ ഓൺലൈനിൽ കിട്ടും. എന്നാൽ, ഓരോ സാധനവും വാങ്ങുന്നതിന്റെ സമയവും വലിയ ഘടകമാണെങ്കിലോ..? ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷിച്ചത് ഒരു ജീവനാണ്. ഡെലിവറി ബോയ് സോഷ്യൽ മീഡിയയിൽ താരവുമായി.രാത്രി വൈകി വന്ന ആ അസാധാരണ ഓർഡർ കണ്ടപ്പോഴേ തനിക്ക് പന്തികേട് മണത്തുവെന്ന് കഥ വിശദമാക്കിയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇ-കൊമേഴ്സ് ഡെലിവറി ബോയ് പറഞ്ഞു. തമിഴ്നാട്ടിലാണ് സംഭവം. രാത്രി വൈകി ഒരു ഉപഭോക്താവ് 3 പാക്കറ്റ് എലിവിഷം ഓർഡർ ചെയ്തു. ആദ്യമൊന്ന് ആലോചിച്ചു, ഇതിപ്പോൾ കൊണ്ടുപോയി കൊടുക്കണോ… പോയിനോക്കാം എന്നു കരുതി ലൊക്കേഷനിൽ എത്തിയപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ.
ആദ്യം യുവതിയെക്കൊണ്ട് ഓർഡർ ക്യാൻസൽ ചെയ്യിക്കാനാണ് ആലോചിച്ചത്. അതിനുമുൻപ് വെറുതേ ചോദിച്ചു – ‘‘ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്യേണ്ട കാര്യമില്ല. എലിയുടെ ശല്യമുണ്ടെങ്കിൽ നിങ്ങൾ പകൽ സമയത്തോ രാത്രിയാകും മുൻപോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നു. ഇതിപ്പോൾ രാത്രി വൈകി ഒരു ഓർഡർ. ഇപ്പോഴിതാ നിങ്ങൾ കരയുകയും ചെയ്യുന്നു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം?’’‘‘അല്ല.. അണ്ണാ..’’ എന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ, നുണ പറയരുതെന്ന് പറഞ്ഞപ്പോൾ യുവതി സത്യം തുറന്നുപറഞ്ഞു. അതോടെ, അവരെക്കൊണ്ടുതന്നെ ഓർഡർ ക്യാൻസൽ ചെയ്യിപ്പിച്ചപു – ഡെലിവറി ബോയ് പറഞ്ഞു. ജീവിതത്തിൽ എന്തോ വലിയ കാര്യം ചെയ്ത സന്തോഷമാണ് തനിക്കു തോന്നിയതെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. നമ്മുടെ ലോകം ഇങ്ങനെ നിലനിൽക്കുന്നത് ഇത്തരം ആളുകൾ ഇപ്പോഴുമുള്ളത് കൊണ്ടാണെന്ന് ഒരാൾ കമന്‍റായി കുറിച്ചു. ഡെലിവറി ഏജന്‍റിന്‍റെ സമയോജിത ഇടപെടല്‍ കൊണ്ടാണ് ഒരു ജീവൻ രക്ഷപ്പെട്ടതെന്ന് മറ്റൊരാളും പറയുന്നു. ‘‘റോബോട്ടോ മറ്റോ ആയിരുന്നെങ്കിൽ എലിവിഷം ഡെലിവറി ചെയ്ത് പോയേനേ’’ എന്നായിരുന്നു മറ്റൊരു കമന്റ്.














