പുൽപ്പള്ളി: ദേവസ്വം ഉത്സവത്തിന്റെ ഘോഷയാത്ര കാണാൻ വീട്ടുകാർ പോയ സമയത്ത് പുൽപ്പള്ളിയിൽ വൻ മോഷണം. ടൗണിന് സമീപത്തെ പ്രതാപ് ചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. 19 പവൻ സ്വർണാഭരണങ്ങളും 80,500 രൂപയും അപഹരിച്ചു. ഞായറാഴ്ച രാത്രി പുൽപ്പള്ളി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര കാണാൻ വീട്ടുകാർ പോയതായിരുന്നു. ഈ സമയത്ത് വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാത്രി 11.30-ഓടെ കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. സംഭവത്തിൽ പുൽപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും. ഉത്സവത്തിരക്കിനിടയിൽ നടന്ന ഈ കവർച്ച നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.














