വാഷിങ്ടൻ∙ ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് വളരെ അപകടകരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായി ചർച്ചകൾ നടത്തുന്നതിനായി ബെയ്ജിങ് സന്ദർശിക്കുന്ന സമയത്താണു ട്രംപിന്റെ ഈ പരാമർശം. ഭാര്യയും യുഎസ് പ്രഥമ വനിതയുമായ മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രീമിയറിൽ പങ്കെടുക്കവേയാണു ബ്രിട്ടൻ ചൈനയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് മാധ്യപ്രവർത്തകർ പ്രതികരണം തേടിയത്. ബ്രിട്ടൻ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടാതെ, കാനഡ ചൈനയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നതും അപകടകരമാണെന്നു ട്രംപ് പറഞ്ഞു. ‘‘കാനഡയുടെ നില അത്ര നല്ലതല്ല. അവർ വളരെ മോശം അവസ്ഥയിലാണ്. അതിനൊരു പരിഹാരമായി ചൈനയെ കാണാൻ കഴിയില്ല’’– ട്രംപ് പറഞ്ഞു.
എന്നാൽ ചൈനയിൽ നടത്തിയ സന്ദർശനത്തിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ തുറക്കാൻ സാധിച്ചെന്ന് സ്റ്റാമെർ പറഞ്ഞു. ‘‘ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. നമ്മുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. ഈ സന്ദർശനത്തിലൂടെ, തൊഴിലവസരങ്ങളും സമ്പത്ത് ഉണ്ടാക്കുന്നതിനും വേണ്ടി ധാരാളം അവസരങ്ങൾ ഞങ്ങൾ തുറന്നിട്ടിട്ടുണ്ട്’’ – സ്റ്റാമെർ പറഞ്ഞു. അതേസമയം, പാശ്ചാത്യ നേതാക്കൾ ചൈനയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കൂടുതലായി ശ്രമിച്ചുവരികയാണ്. എട്ട് വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. സ്റ്റാമെർ, ഷി ചിൻപിങുമായും മറ്റ് ചൈനീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും സഹകരണ കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.














