ന്യൂഡൽഹി∙ ഡൽഹിയിൽ 12 വയസ്സുള്ള ആൺകുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നാലെ കുട്ടിയുടെ മൃതദേഹത്തിന്റെ വിഡിയോ ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണു പൊലീസ് കണ്ടെത്തിയത്. തലയിലും മുഖത്തും കണ്ണുകളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. വ്യാഴാഴ്ച ഫുട്ബോൾ കളിസ്ഥലത്തുനിന്ന് മകനെ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്നു ഭാര്യ ആരോപിച്ചു. വഴക്കിനെ തുടർന്നു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ഭാര്യ പ്രതിയോട് ആവശ്യപ്പെട്ടതാണു പ്രകോപനത്തിനു കാരണമെന്നാണു കരുതുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് 12 വയസ്സുകാരന്റെ കൊലപാതകവിവരം വീട്ടുകാർ അറിയുന്നത്. മകന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ വാട്സ്ആപ്പ് വിഡിയോ കുട്ടിയുടെ അമ്മയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ലഭിക്കുകയായിരുന്നു. നിന്റെ മകനെ കൊണ്ടുപോ എന്നും വിഡിയോയിൽ പ്രതി പറഞ്ഞതായി ഇവർ പറയുന്നു. “മകൻ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അവന്റെ ഒരു കണ്ണ് ചൂഴ്ന്നെടുത്തിരുന്നു. തല അടിച്ചു തകർത്തിരുന്നു. വിഡിയോ കണ്ടപ്പോൾ ഞാൻ തളർന്നു വീണുപോകുമെന്ന് തോന്നി. മകനെ കൊല്ലുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല’’ – അവർ പറഞ്ഞു.














