തിരുവനന്തപുരം∙ കാട്ടായിക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന തെരുവുനായ്ക്കളെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കു മാറ്റി. കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ മടവൂര്‍ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി എഴുപതോളം നായ്ക്കളെ സംരക്ഷിച്ചിരുന്നത് നാട്ടുകാര്‍ക്ക് വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചിരുന്നത്. രാത്രിയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്നുവെന്നും പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
പ്രധാന റോഡിലൂടെ പോലും നടക്കാനാകാത്ത സ്ഥിതിയാണെന്നും വീട്ടിലെ കുട്ടികളെ പോലും പേടിച്ചിട്ട് പുറത്തേക്കു വിടാറില്ലെന്നും നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. നായ്ക്കളോടുള്ള പേടികാരണം ഓണ്‍ലൈന്‍ ഡെലിവറി ഏജന്റുമാരോ കെഎസ്ഇബി ജീവനക്കാരോ പോലും വീട്ടിലേക്കു വരുന്നില്ലെന്നായിരുന്നു പരാതി. നാട്ടുകാരുടെ പരാതികള്‍ ഏറിവന്നതോടെയാണ് നായ്ക്കളെ ഷെല്‍ട്ടറിലേക്കു മാറ്റാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. നായ്ക്കള്‍ തനിയെ പെറ്റു പെരുകിയതാണെന്നും വേണമെങ്കില്‍ കോര്‍പറേഷന്‍ നായ്ക്കളെ കൊണ്ടുപോട്ടെ എന്നുമാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നത്.














