തിരുനാവായ : സ്ത്രീവേഷം ധരിച്ചെത്തിവീട്ടമ്മയുടെ മൂന്നു പവൻ സ്വർണാഭരണങ്ങൾ കവർന്നയാളെ കൽപ്പകഞ്ചേരി സി ഐ സലീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പൂളമംഗലം പാക്കച്ചിറ കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസ (58) യുടെ ദേഹത്തണിഞ്ഞ സ്വർണാഭരണങ്ങളാണ് കവർന്നത്. അയൽവാസിയായ പുത്തൻപീടിയേക്കൽ ഷാക്കിർ (34) നെയാണ് പിടികൂടിയത്.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനു ഹംസ ഹാജി പള്ളിയിൽ പോയപ്പോൾ എസ്ഐആർ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തിൽ വീട്ടിലെത്തുകയും പൂരിപ്പിക്കാനാവശ്യമായ രേഖകൾ എടുക്കാൻ മുറിയിലേക്ക് പോയ സമയം പിറകിലെത്തി മുറി കുറ്റിയിട്ട ശേഷംവീട്ടമ്മയെ ബലമായി കീഴ്പ്പെടുത്തി ഉപദ്രവിക്കുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു. സ്ത്രീവേഷത്തിലെത്തിയെങ്കിലും വന്നയാളുടെ ശബ്ദം കേട്ടപ്പോൾ പുരുഷനാണെന്ന് നഫീസ തിരിച്ചറിഞ്ഞു.
പ്രതി വന്നു പോയപ്പോൾ മറന്നു വെച്ച ബുക്ക് നിർണായക തെളിവാകുകയും പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുകയുമായിരുന്നു. 22 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതി വന്ന ദിവസംവീട്ടിൽ നഫീസ മാത്രമാണുണ്ടായിരുന്നത്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഹംസ ഹാജിയെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. കഴുത്തിനും കൈവിരലിനും പരിക്കു പറ്റിയ വീട്ടമ്മ പുത്തനത്താണിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു. സ്ഥലത്ത് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. സ്വർണാ ഭരണങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.














