തിരുവനന്തപുരം∙ കോട്ടൂര്‍ ആന പാര്‍ക്കില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. പാര്‍ക്കിനുള്ളിലെ നെയ്യാര്‍ റിസര്‍വോയറില്‍ ‘മനു’ എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചത്. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. കുളിപ്പിക്കുന്ന സമയത്ത് ആന പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു.
പാപ്പാന്‍ വെള്ളത്തിനുള്ളില്‍ അകപ്പെട്ടതോടെ ആന ആരെയും അവിടേയ്ക്ക് അടുപ്പിക്കാതെ നിന്നു. മറ്റു പാപ്പാന്‍മാര്‍ ബഹളം വച്ചെങ്കിലും ആന പിന്തിരിഞ്ഞില്ല. തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പരിശ്രമിച്ചാണ് പാപ്പനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. വനം വകുപ്പിന്റെ വാഹനത്തില്‍ ഉടന്‍ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.














