ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴ് വയസ്സ്. രാജ്യത്തിനായി വീരമൃത്യു വരിച്ച 40 ധീരജവാന്മാരുടെ ഓർമ്മയിലാണ് രാജ്യം.2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ദേശീയപാത 44-ലൂടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹം. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായാണ് സഞ്ചരിച്ചിരുന്നത്. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വെച്ചായിരുന്നു ആക്രമണം. വാഹനവ്യൂഹത്തിലേക്ക് 350 കിലോഗ്രാം സ്ഫോടക വസ്തുനിറച്ച കാർ ഓടിച്ചുകയറ്റുകയായിരുന്നു. അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.














