National

ഗെയിം നൽകി വലയിലാക്കി, പീഡിപ്പിച്ചത് 33 കുട്ടികളെ; എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ

ന്യൂഡൽഹി∙ മൂന്ന് വയസ്സുകാർ ഉൾപ്പെടെ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികൾക്ക് ഉത്തർപ്രദേശിലെ കോടതി വധശിക്ഷ വിധിച്ചു. യുപിയിലെ ബന്ദയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് പ്രതികളായ രാംഭാവൻ, ഭാര്യ ദുർഗാവതി എന്നിവർക്കെതിരെ വിധി പുറപ്പെടുവിച്ചത്.

പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു.

2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വിഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ വലയിലാക്കിയിരുന്നത്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ ബന്ദ, ചിത്രകൂട് ജില്ലകളിലായിരുന്നു ദമ്പതികളുടെ ക്രൂരകൃത്യങ്ങൾ നടന്നത്.

അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ കണ്ടെത്തിയത്. പരുക്കേറ്റ ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പലർക്കും കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചു. കടുത്ത മാനസിക ആഘാതം നേരിട്ടു. ശാസ്ത്രീയമായ തെളിവുകളും ഡിജിറ്റൽ തെളിവുകളും സിബിഐ ശേഖരിച്ചു. 2021 ഫെബ്രുവരിയിലാണ് ദമ്പതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. നീചവും ആസൂത്രിതവുമായ ഈ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു കോടതി നിരീക്ഷിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.