Latest

മുട്ട പുഴുങ്ങിയപ്പോൾ പുറത്തു വന്നത് പ്ലാസ്റ്റിക് നൂൽ; അമ്പരപ്പോടെ വിഡിയോ പങ്കുവച്ച് യുവതി

പോഷകഗുണമേറെയുള്ള മുട്ട ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ആളുകൾ ശ്രദ്ധിക്കാറുണ്ട്. മരുന്നടിച്ച പച്ചക്കറികളെയും ഹോർമോൺ കുത്തിവച്ച മാംസത്തെയും അടുക്കളയുടെ പടികടത്തി കൊണ്ടുവരാൻ മടിക്കുന്നവർ കണ്ണുമടച്ച് മുട്ടയെ തീൻമേശയിലേക്ക് സ്വീകരിക്കാറുണ്ട്. എന്നാൽ മായം കലർന്നിട്ടില്ലെന്ന ഉറപ്പോടെ മുട്ടപോലും ഭക്ഷിക്കാൻ പറ്റാത്ത കാലത്താണ് ജീവിതമെന്ന് കാണിച്ചുതരുന്ന ഒരു വിഡിയോയാണ് വെർച്വൽ ലോകത്ത് ചർച്ചയാകുന്നത്. ശാലിനി ശർമ എന്ന യുവതിയാണ് ഓർഡർ ചെയ്തു വാങ്ങിയ മുട്ട പുഴുങ്ങിയപ്പോൾ അതിൽ നിന്നും ന്യൂഡിൽസിന്റെ ആകൃതിയിൽ പുറത്തു വന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് പരാതി പറഞ്ഞു കൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വ്യാജമുട്ടകൾ വിപണിയിലുണ്ടെന്ന് ഇതുവരെ കേട്ടിട്ടു മാത്രമേ ഉണ്ടായിരിന്നുള്ളൂവെന്നും ഇപ്പോൾ വീട്ടിലിരുന്നു കൊണ്ട് അത് നേരിട്ടു കണ്ടുവെന്നും പറഞ്ഞു കൊണ്ടാണ് യുവതി വിഡിയോ പങ്കുവച്ചത്. മുട്ട പുഴുങ്ങിയപ്പോൾ മഞ്ഞ നിറത്തിലുള്ള നൂൽ മുട്ടയുടെ ഉള്ളിൽ നിന്നും പുറത്തു വന്നുവെന്നു പറഞ്ഞു കൊണ്ടാണ് അവർ വിഡിയോ പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് ശാലിനി വിശദീകരിക്കുന്നതിങ്ങനെ: ‘‘ഞാൻ സെപ്‌റ്റോയിൽ നിന്ന് എഗ്ഗോസ് എവരിഡേ ബ്രാൻഡ് മുട്ടകൾ ഓർഡർ ചെയ്തു. അവ തിളപ്പിക്കാൻ വെച്ചയുടനെ മഞ്ഞക്കരുവിന് പകരം പ്ലാസ്റ്റിക് ഉള്ളിൽ നിന്ന് പുറത്തുവരാൻ തുടങ്ങി. പ്ലാസ്റ്റിക് നൂഡിൽസിന്റെ രൂപത്തിൽ ഒരു വസ്തു പുറത്തുവരുന്നത് നിങ്ങൾക്ക് തന്നെ കാണാൻ കഴിയും. ഓരോ മുട്ടയിലും എഗ്ഗോസ് എവരിഡേ സ്റ്റാമ്പ് ഉണ്ട്. പ്ലാസ്റ്റിക് വ്യാജ മുട്ടകൾ നമ്മുടെ വീടുകളിൽ എങ്ങനെ എത്തുന്നുവെന്ന് നോക്കൂ. ഇന്ന് നമ്മൾ വാങ്ങുന്നത് ഇതാണ്. അവ മറ്റൊരു രീതിയിൽ പാകം ചെയ്തിരുന്നെങ്കിൽ, പ്ലാസ്റ്റിക് കഴിക്കുന്നുണ്ടെന്ന് മനസ്സിലാകുമായിരുന്നില്ല. പുഴുങ്ങിയ മുട്ടകൾ പൊട്ടിയതുകൊണ്ടാണ് അത് പ്ലാസ്റ്റിക് ആണെന്ന് ഞങ്ങൾ കണ്ടെത്തിയത്. ഇന്ന് ഇത്രയും വലിയ ബ്രാൻഡുകളുടെ അവസ്ഥ ഇതാണെങ്കിൽ, കഴിക്കാൻ സുരക്ഷിതമായി എന്താണ് അവശേഷിക്കുന്നത്?’’

വിഡിയോ പുറത്തു വന്നതോടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ ഉപയോക്താക്കൾ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു. വിഡിയോ വെർച്വൽ ലോകത്ത് ചർച്ചയായതോടെ വിശദീകരണം ആവശ്യപ്പെട്ട് നിരവധി പേർ ബ്രാൻഡിനെയും ഡെലിവറി പ്ലാറ്റ്‌ഫോമിനെയും ടാഗ് ചെയ്തു. ‘‘നിങ്ങൾക്കിങ്ങനെയൊരു അനുഭവമുണ്ടായതിൽ ഞങ്ങൾക്ക് വളരെ ഖേദമുണ്ട്. നിങ്ങളുടെ ആശങ്ക ഞങ്ങൾ പൂർണമായും മനസ്സിലാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തരത്തിലുള്ള അനുഭവമായിരുന്നു ഇത്. ദയവായി നിങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ഞങ്ങൾക്ക് ഡിഎം ചെയ്യുക. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളുമായി ബന്ധപ്പെടും. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി.’’–എന്നാണ് വിഡിയോയ്ക്ക് താഴെ എഗ്ഗോസ് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ബ്രാൻഡ് ക്ഷമാപണം നടത്തിയിട്ടും ഉപയോക്താക്കളുടെ രോഷം അടങ്ങുന്നില്ല. ഇത്തരം ഗുണനിലവാരമില്ലാത്ത വസ്തുക്കൾ കഴിക്കുന്നതിന്റെ ദോഷഫലങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാൽ കമന്റ് ബോക്സ് നിറയ്ക്കുകയാണ് ആളുകൾ. വിഷയത്തിൽ ഇടപെടാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ പലരും ടാഗ് ചെയ്യുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.