Entertainment

പഞ്ചിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ത്? കുട്ടിക്കുരങ്ങനെ കാണാൻ മൃഗശാലയിൽ വൻ തിരക്ക്

ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സ് കീഴടക്കിയ പഞ്ച് എന്ന കുട്ടിക്കുരങ്ങനെ കാണാൻ ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ വൻ തിരക്ക്. അമ്മയും കൂടപ്പിറപ്പുകളും ഒറ്റപ്പെടുത്തിയ പഞ്ചിന് കൂട്ടായി മൃഗശാല അധികൃതർ നൽകിയത് ഒറാങ്ങുട്ടാന്റെ ഒരു പാവയായിരുന്നു. പിന്നീട് പഞ്ചിന് പുതിയ കൂട്ടുകാരെ കിട്ടുകയും ചെയ്തു. ഇപ്പോൾ പഞ്ചിന്റെ അവസ്ഥ എന്താണെന്ന് അറിയാൻ ആളുകൾ നേരിട്ട് മൃഗശാലയിൽ എത്തുകയാണ്. നിരവധി ദൃശ്യങ്ങളിൽ മൃഗശാലയ്ക്ക് മുൻപിൽ നീണ്ട നിര കാണാം.

ഐക്കി എന്ന ബാൻഡിന്റെ ഒറാങ്ങുട്ടാന്റെ സോഫ്റ്റ് ടോയ് ആണ് പഞ്ചിന് നൽകിയിരുന്നത്. വിഡിയോ വൈറലായതോടെ ഈ പാവയുടെ വില കുത്തനെ ഉയരുകയും ആവശ്യക്കാർ ഏറുകയും ചെയ്തു. 1650 രൂപയായിരുന്ന പാവയ്ക്ക് ഇപ്പോൾ 29,000 രൂപ വരെ ഉയർന്നിട്ടുണ്ട്. ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പാവ മുഴുവൻ വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്.

ഏഴുമാസം മാത്രമാണ് പഞ്ചിന്റെ പ്രായം. ജനിച്ച് ആദ്യ മാസങ്ങളിൽ തന്നെ അമ്മ അവനെ പൂർണ്ണമായി ഉപേക്ഷിച്ചു. സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ അവൻ അടുത്തെത്തുമ്പോഴെല്ലാം അമ്മ അതിനനുവദിക്കാതെ അവനെ ഉപദ്രവിച്ച് ഓടിച്ചു വിടുകയായിരുന്നു. ഭക്ഷണമടക്കമുള്ള അവന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത് മൃഗശാലയിലെ ജീവനക്കാർ തന്നെയാണ്. ആശ്രയിക്കാൻ പഞ്ചിന് മറ്റൊന്നുമില്ല എന്ന് വന്നതോടെ മൃഗശാല ജീവനക്കാർ ഒറാങ്ങുട്ടാന്റെ രൂപത്തിലുള്ള ഒരു വലിയ പാവയെ അവന് നൽകുകയായിരുന്നു. ഉറക്കം വരുമ്പോഴും മരം കയറുമ്പോഴുമെല്ലാം പാവ പഞ്ചിനൊപ്പം ഉണ്ടാകും.

ദിവസങ്ങൾകൊണ്ട് വല്ലാത്ത ഒരു ആത്മബന്ധമാണ് പാവയുമായി പഞ്ച് ഉണ്ടാക്കിയെടുത്തത്. അമ്മയുടെ സാമീപ്യമില്ലെങ്കിലും പാവയുടെ നെഞ്ചിൽ ചേർന്നുകിടന്ന് അവൻ ഉറങ്ങി. കളിക്കാൻ കൂട്ടുകാരില്ലാത്തപ്പോഴും പാവയെ കൂട്ടായി കരുതി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദന നന്നായി മനസ്സിലാക്കുന്ന മനുഷ്യർക്ക് ഈ കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.