Kerala

കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്∙ നല്ലളം മോഡേൺ ബസാറിനു സമീപം ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഉണ്ടായ വാഹനാപകടത്തിൽ നാലു മരണം. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾ അതീവ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. മോഡേൺ ബസാറിനു സമീപം വീ പാർക്കിനടുത്തു വച്ച് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫാറൂഖ് കോളജ് കളിപ്പറമ്പിൽ സ്വദേശികളായ അജീഷ്, വിമൽ കുമാർ(37), ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ശ്യാംലാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ഏഴരയോടെയാണ് മരിച്ചത്. പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൻ ഗുരുതരമായ പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കാറുമായി കൂട്ടിയിടിച്ച ലോറിയുടെ ഡ്രൈവർ ഉസ്മാൻ കുട്ടിക്ക് അപകടത്തിൽ ചെറിയ പരുക്കുണ്ട്.

ഫാറൂഖ് കോളജിനു സമീപം ഒരു ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുകയായിരുന്ന യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ഒരാളെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നൽകിയ വിവരത്തെ തുടർന്ന് സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ, സീനിയർ ഫയർ റസ്ക്യു ഓഫിസർ പി.എം.ബിജേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് അംഗങ്ങളും നല്ലളം പൊലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉളളിൽ കുടുങ്ങിയ മറ്റു നാലു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.