National

51 ലക്ഷം രൂപയും 2 പെട്ടി സ്വർണവും മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

ഡല്‍ഹി ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്‌പെഷല്‍ സെല്‍ ഓഫിസിലെ ലോക്കറില്‍നിന്നു പണവും സ്വര്‍ണവും മോഷ്ടിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയിൽ. ഇതേ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഖുര്‍ഷിദാണ് അറസ്റ്റിലായത്. 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വര്‍ണവുമാണ് ഖുർഷിദ് മോഷ്ടിച്ചത്. പല കേസുകളില്‍നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് ഹെഡ് കോൺസ്റ്റബിൾ വൻ സുരക്ഷ സന്നാഹം ഭേദിച്ച് മോഷ്ടിച്ചത്.

തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായിരുന്നു ഖുർഷിദ്. ഒരാഴ്ച മുൻപാണ് ഖുര്‍ഷിദിനെ ഇവിടെനിന്ന് ഈസ്റ്റ് ഡല്‍ഹി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. സ്ഥലംമാറ്റത്തിനു പിന്നാലെയായിരുന്നു ‌മോഷണം. മുൻപ് ഇവിടെ ജോലിചെയ്തിരുന്ന ആളായിരുന്നതിനാൽ ഖുര്‍ഷിദ് ഇവിടെ എത്തിയതോ സ്‌റ്റോറേജിനുള്ളിലേക്ക് കടന്നതോ ആരും സംശയിച്ചില്ല.

സ്‌റ്റോറേജിന്റെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകള്‍ എവിടെ സ്ഥാപിച്ചിരിക്കുന്നു എന്നതു മുതല്‍ എവിടെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ഖുർഷിദിന് അറിയാമായിരുന്നു. ഖുര്‍ഷിദിനെ ഓഫിസില്‍ കണ്ടപ്പോള്‍, ഇയാളെ വീണ്ടും ഇവിടെ ജോലിക്ക് നിയോഗിച്ചു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കരുതിയത്. അതുകൊണ്ടുതന്നെ ഇയാള്‍ സ്‌റ്റോറേജിന്റെ അകത്ത് കടന്നപ്പോഴോ തിരിച്ച് ഇറങ്ങിയപ്പോഴോ പരിശോധന നടത്തിയില്ല.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഈസ്റ്റ് ഡല്‍ഹിയിൽ വച്ച് പോലീസ് ഖുര്‍ഷിദിനെ പിടികൂടിയത്. ഖുര്‍ഷിദിന്റെ പക്കല്‍നിന്നു മോഷ്ടിച്ച മുതലുകള്‍ തിരിച്ചുപിടിച്ചെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.