അത്തോളി: റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബിഎച്ച് 8516 എന്ന നമ്പറിലുള്ള കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു. കാർ പൂർണമായും തകർന്നു.
മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങുംവഴി കൊയിലാണ്ടിയിൽനിന്ന് ഗൂഗിൾ മാപ്പ് നോക്കിയാണ് സംസ്ഥാനപാതയിൽ പ്രവേശിപ്പിച്ചത്. അർധരാത്രി റോഡിന് കുറുകെ ആരോ മറികടന്നതായി തോന്നി, അയാളെ രക്ഷപ്പെടുത്താനായി കാർ വെട്ടിക്കുകയായിരുന്നു. കാറിൽനിന്നിറങ്ങിയപ്പോഴാണ് തെരുവ് നായ കുറുകെ ചാടിയതാണെന്ന് വ്യക്തമായതെന്ന് വിശാൽ പറഞ്ഞു.എലത്തൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായിരുന്നു. ഈ ഭാഗത്ത് അപകടമുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാലാമത്തെ അപകടമാണിതെന്നും അപായസൂചനാ ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വശങ്ങളിൽ സ്ലാബിട്ടിട്ടുണ്ടെങ്കിലും പാതി പൊട്ടിയ അവസ്ഥയിലാണ്.














