Listen live radio

ഇങ്ങനെ പോയാല്‍ അടുത്ത 50 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരും – ഗുലാം നബി ആസാദ്

after post image
0

- Advertisement -

ഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കില്‍ അടുത്ത അന്‍പതു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. സ്ഥാനം നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതിനിടെ എതിര്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ ആസാദ് പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളാണ് ഗുലാം നബി ആസാദ്.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷപദത്തില്‍ എത്തിയാല്‍ പാര്‍ട്ടിയില്‍ കുറഞ്ഞത് അന്‍പത്തിയൊന്നു ശതമാനത്തിന്റെ പിന്തുണ ഒരാള്‍ക്കുണ്ടെന്നാണ് അര്‍ഥം. അല്ലാതെ പദവിയില്‍ എത്തുന്നയാള്‍ക്ക് ചിലപ്പോള്‍ ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഉണ്ടാവണമെന്നില്ല- ഗുലാം നബി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ രണ്ടാമതും മൂന്നാമതും നാലാമതുമൊക്കെ എത്തുന്നവര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കും. അതുവഴി അടുത്ത തവണ തെരഞ്ഞെടുപ്പു ജയിക്കാമെന്ന് അവര്‍ കരുതും. സംഘടനാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നത്. കുറച്ചു വലിയ നേതാക്കള്‍ ശുപാര്‍ശ ചെയ്യുകയും ഡല്‍ഹിയില്‍ വരികയും പോവുകയുമൊക്കെ ചെയ്യുന്നവരെയാണ് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ആയി നിയമിക്കുന്നതെന്ന് ഗുലാംനബി ആസാദ് വിമര്‍ശിച്ചു.
ഇങ്ങനെ ശുപാര്‍ശ കൊണ്ടു നിയമിക്കപ്പെടുന്നവര്‍ക്ക് എത്ര ശതമാനത്തിന്റെ പിന്തുണയുണ്ടെന്ന് നമ്മള്‍ നോക്കുന്നില്ല. ചിലപ്പോള്‍ ഒരു ശതമാനത്തിന്റെയാവാം. ചിലപ്പോള്‍ നൂറു ശതമാനത്തിന്റെയുമാവാം. ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്തവരാണ് പലരും. സംസ്ഥാന, ജില്ലാ ഘടകങ്ങളില്‍ ഇതാണ് സ്ഥിതി. പ്രവര്‍ത്തക സമിതിയിലും ഇതുണ്ട്.- ഗുലാം നബി പറഞ്ഞു.
വിധേയരായി നില്‍ക്കുന്ന നേതാക്കളാണ് തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത്. അവര്‍ പാര്‍ട്ടിക്കും രാജ്യത്തിനും ദ്രോഹമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പു നടന്നാല്‍ തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതിനെ എതിര്‍ക്കുന്നത്. അവരാണ് നേത്വത്തിന് തങ്ങള്‍ എഴുതിയ കത്തിനെ വിമര്‍ശിക്കുന്നതെന്ന് ഗുലാം നബി പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷമായി പ്രവര്‍ത്തകരാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് അങ്ങനെയാവാമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുകയാണ്. തിരിച്ചുവരണമെന്നുണ്ടെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയേ പറ്റൂ. അടുത്ത അന്‍പതു വര്‍ഷത്തേക്കു കൂടി പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമില്ല.
”കോണ്‍ഗ്രസിനെ സജീവമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ഞാന്‍ മുഖ്യമന്ത്രിയായിരുന്നയാളാണ്, കേന്ദ്രമന്ത്രിയും ആയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇനി എനിക്ക് ഒന്നും ആവണമെന്നില്ല. അഞ്ചോ ഏഴോ വര്‍ഷം കൂടിയേ ഞാന്‍ സജീവ രാഷ്ടീയത്തില്‍ ഉണ്ടാവൂ. അധ്യക്ഷനാവാനൊന്നും ഞാനില്ല.”- ഗുലാം നബി പറഞ്ഞു.

Leave A Reply

Your email address will not be published.