Wayanad

മഴക്കെടുതി: വിളനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണം – സ്വതന്ത്ര കർഷക സംഘം

കൽപറ്റ: ശക്തമായ കാറ്റിലും മഴയിലും വയനാട്ടിലുണ്ടായ കൃഷി – വിളനാശത്തിന് അർഹമായ നഷ്ടപരിഹാരം കർഷകർക്ക് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖലക്ക് താങ്ങാനാവാത്ത നാശനഷ്ടങ്ങളാണ് മഴ വരുത്തി വെച്ചിട്ടുള്ളത്. പൊതുവെ കടക്കെണിയിലും സാമ്പത്തിക പ്രയാസത്തിലും കഴിയുന്ന കർഷകരെ പുതിയ കൃഷിനാശം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.മുൻകാല വർഷക്കെടുതിയിലും കടുത്ത വേനലിലും ഉണ്ടായ കൃഷി നാശങ്ങളുടെ നഷ്ടപരിഹാരവും സർക്കാർ കർഷകർക്ക് നൽകാനുണ്ട്.

ഇൻഷ്വറൻസ് ആനുകൂല്യവും വിതരണം ചെയ്തിട്ടില്ല.കഴിഞ്ഞാഴ്ച അനുഭവപ്പെട്ട കാലവർഷത്തിൽ ജില്ലയിലെ 2259 കർഷകരുടെ 242.74 ഹെക്ടറിലെ വിള നശിച്ചതായാണ് പ്രാഥമിക കണക്ക്. നെല്ലിനും വാഴ കൃഷിക്കുമാണ് കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. 92 ഹെക്ടർ സ്ഥലത്തെ നെൽ കൃഷിയാണ് നശിച്ചത്. 3,53,850 കുലച്ച വാഴ കാറ്റിൽ നിലം പൊത്തി. പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളെയും കാറ്റും മഴയും സാരമായി ബാധിച്ചിട്ടുണ്ട്. 2199. 35 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായി ഔദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്.

കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യക ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാവണം. കൃഷി നാശം സംഭവിച്ച പ്രദേശങ്ങളിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ വിദഗ്ദ സംഘം സന്ദർശിച്ച് കർഷകർക്ക് ഗുണകരമായ നടപടി കൈകൊള്ളണമെന്നും മുൻവർഷങ്ങളിലെ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സർക്കാർ നടപടി വൈകരുതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.