ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്.
29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. 20.11.2025 തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ.എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34), കൈപ്പഞ്ചേരി പുന്നപ്പറമ്പിൽ വീട്ടിൽ പി.ആർ ബവനീഷ് (23) എന്നിവരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് മന്തേട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 21.48 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലബ്നാസ്, മുസ്തഫ, സിവിൽ പോലീസ് ഓഫീസർ സിജോ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടി കൂടിയത്.














