Kerala

പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും; വെയിലിൽ വെന്തുരുകി ഹൈറേഞ്ചും ലോറേഞ്ചും

തൊടുപുഴ ∙ കത്തുന്ന മീനച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്നതാണ് അവസ്ഥ. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടിശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ 37–38 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ താപനില.ഹൈറേഞ്ച് മേഖലകളിലും ചൂടിന്റെ കാഠിന്യം വർധിച്ചു. ഇതോടൊപ്പം ഉയർന്ന യുവി ഇൻഡക്സും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എല്ലാ മേഖലയിലും ചൂട് പ്രതികൂലമായി ബാധിച്ചുതുടങ്ങി. ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. കാർഷികമേഖലയും പ്രതിസന്ധിയിലാണിപ്പോൾ. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാതപം, പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

കനിയണം വേനൽമഴ സാധാരണ വൈകിട്ട് ലഭിക്കുന്ന വേനൽമഴകൾ ഇത്തവണ പലയിടത്തും ഇതുവരെ കാര്യമായി ലഭിക്കാത്തതിനാൽ താപനില ഇനിയും ഉയരാനാണു സാധ്യത. വേനൽമഴ ലഭിച്ചാൽ കനത്ത ചൂടിന് ചെറിയ ആശ്വാസമാകും. ജില്ലയിൽ ഈ വേനലിൽ (മാർച്ച് 1 മുതൽ ഇന്നലെ വരെ) ലഭിക്കേണ്ടിയിരുന്ന മഴ 35.1 മി.മീ ആയിരുന്നു. എന്നാൽ ലഭിച്ചത് 16.8 മില്ലിമീറ്റർ മാത്രം. 52 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.വെയിലിലും വിശ്രമമില്ല വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ചു തൊഴിൽ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം അനുവദിക്കണമെന്നാണു നിർദേശം. ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തിയാണ് ഉച്ചയ്ക്കു വിശ്രമം അനുവദിക്കേണ്ടത്. എന്നാൽ, നിർദേശം ലംഘിച്ചു പലയിടത്തും തൊഴിലാളികളെ പെരിവെയിലിൽ ജോലി ചെയ്യിക്കുന്നത് തുടരുകയാണ്. പ്രധാനമായും കെട്ടിട നിർമാണം ഉൾപ്പെടെയുള്ള നിർമാണ മേഖലയിലാണ് ഈ സ്ഥിതി. പല തൊഴിലിടങ്ങളിലും തൊഴിലാളികൾക്ക് ആവശ്യത്തിനു ശുദ്ധജലം ഉറപ്പാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.