National

ട്രംപ് ഫോൺ വിളിച്ചു; നരേന്ദ്രാ കീഴടങ്ങൂ, യെസ് സർ എന്ന് മോദി

ന്യൂ‍ഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോൺ ചെയ്തതോടെയാണ് ഇന്ത്യ യുദ്ധം നിർത്തിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങി എന്ന് പ്രഖ്യാപിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് അദ്ദേഹം കീഴടങ്ങിയതെന്നും രാഹുൽ പ്രസംഗത്തിനിടെ പറഞ്ഞു.

‘‘എനിക്ക് ബിജെപിക്കാരെയും ആർഎസ്എസുകാരെയും നന്നായി അറിയാം. അൽപം സമ്മർദ്ദം ചെലുത്തിയാൽ മതി. അവർ ഭയന്ന് ഓടിപ്പോകും. പോരാട്ടം നടക്കുന്നതിനിടെ ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു. നരേന്ദ്രാ കീഴടങ്ങൂ. ഉടൻ തന്നെ കീഴടങ്ങാനുള്ള ആഹ്വാനം വന്നു. ഇതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സ്വഭാവം’’ – രാഹുൽ പറഞ്ഞു. ട്രംപിന്റെ ഫോണിന് മറുപടിയായി നരേന്ദ്ര മോദി ‘യെസ് സർ’ എന്ന് മറുപടി നൽകിയെന്നും രാഹുൽ പറഞ്ഞു.

1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധ സമയത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നടപടിയും രാഹുൽ പരാമർശിച്ചു. ‘‘യുഎസിന്റെ ഭീഷണി വകവയ്ക്കാതെ 1971ൽ ഇന്ത്യ പാക്കിസ്ഥാനെ തകർത്തു. യുഎസ് പ്രസിഡന്റ് അന്ന് ഇന്ദിരയെ വിളിച്ചിരുന്നു. യുഎസിന്റെ ഏഴാം കപ്പൽപട അന്ന് ഇവിടെ വന്നിരുന്നു. പക്ഷേ, ഞങ്ങൾക്ക് ചെയ്യാനുള്ളത് ‍ചെയ്യുമെന്നായിരുന്നു ഇന്ദിരാ ഗാന്ധി അന്ന് മറുപടി നൽകിയത്. ഇതാണ് ഇന്ദിരയും മോദിയും തമ്മിലുള്ള വ്യത്യാസം. ഇതാണ് ഇവരുടെ സ്വഭാവം. സ്വാതന്ത്ര്യത്തിന്റെ സമയത്തും ഇതാണ് ഇവരുടെ സ്വഭാവം. കത്തെഴുതി ജയിൽ മോചിതരായതാണ് ഇവരുടെ പാരമ്പര്യം. പക്ഷേ കോൺഗ്രസ് പാർട്ടി ഒരിക്കലും കീഴടങ്ങിയിട്ടില്ല. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, ഇവരാരും കീഴടങ്ങിയിട്ടില്ല’’ – രാഹുൽ ഗാന്ധി പറഞ്ഞു.അതേസമയം രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി പാക്കിസ്ഥാന്റെ ഐഎസ്‌ഐയെ (ഇന്റർ-സർവീസസ് ഇന്റലിജൻസ്) പ്രതിനിധീകരിക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി വക്താവ് തുഹിൻ സിൻഹ എൻഡിടിവിയോട് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.