Kerala

വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാർത്താക്കുറിപ്പില്‍ അറിയിച്ചു.വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകർ എന്നിവർക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.