അച്ഛന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റിൽ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ് ആണ് ഈ മരണമെന്നും ഇവർ നാണംകെട്ടവരാണെന്നുമാണ് േപരില്ലാത്ത ഒരു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.‘‘നിങ്ങളോട് നരകത്തിൽ പോകാൻ ആവശ്യപ്പെടില്ല. കാരണം നരകം പോലും അവരുടെ സ്ഥാനാർഥികളിൽ നിന്ന് ഒരു മിനിമം മാന്യത പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്നു.’’–അഹാന മറുപടിയായി പറഞ്ഞു.
തന്റെ കൊച്ചുമകൻ ഓമിയെ (ദിയ കൃഷ്ണയുടെ മകൻ) രംഗനാഥൻ മടിയിലിരുത്തി ലാളിക്കുന്ന പഴയൊരു വിഡിയോയാണ് സിന്ധു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. “ഡാഡി” എന്ന് എഴുതി ഒരു ഹൃദയം തകർന്ന ഇമോജിയോടൊപ്പമാണ് ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ അവർ പങ്കുവച്ചത്. ഈ വിഡിയോയിൽ അഹാനയുടെ കമന്റിനു താഴെയാണ് വെറുപ്പു നിറയ്ക്കുന്ന വാക്കുകളുമായി ഒരാൾ എത്തിയത്.‘‘വിഡിയോ ഉണ്ടാക്കാൻ ഒരു വിഷയം കിട്ടി. നാണമില്ലാത്തവർ… ഇപ്പോൾ നിങ്ങൾ പറയും, അച്ഛൻ മരിച്ചു 56 ദശലക്ഷം കാഴ്ചക്കാർ, മുത്തച്ഛനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അടുത്ത ആൾ വിഡിയോ അപ്‌ലോഡ് ചെയ്യും, അതിന് ഒരു മില്യൻ കാഴ്ചക്കാർ.’’–ഇതായിരുന്നു കമന്റ്. ‘‘കണ്ടന്റിന്റെ അഞ്ച് കീടങ്ങൾ, പൈസയോട് ആർത്തിയുള്ള ജോലിയില്ലാത്ത ആളുകൾ.’’–ഇങ്ങനെയൊരു കമന്റും ഇതേ അക്കൗണ്ടിൽ നിന്നും പോസ്റ്റിൽ വന്നിരുന്നു.
അഹാനയെ പിന്തുണച്ച് നിരവധിപ്പേർ രംഗത്തെത്തി.‘‘മരണവും ദുഃഖവും ആർക്കും സംഭവിക്കാം. ഇത് പണമുണ്ടാക്കാനുള്ളതാണെന്ന് കരുതുന്നത് സങ്കടകരമാണ്. പലരും തങ്ങൾ സ്നേഹിച്ച ഒരാളുടെ ഓർമകൾ നിലനിർത്താൻ ശ്രമിക്കുന്നു. ഇതുപോലെ ഒകെ എങ്ങനെയാടോ ചിന്തിച്ചു കൂട്ടാൻ പറ്റുന്നേ കഷ്ടം.’’–വന്ദന എന്നൊരു പ്രേക്ഷകയുടെ കമന്റ്.
ഇത്രയും വെറുപ്പ് സൂക്ഷിക്കുന്ന ആളുകൾ ഈ ലോകത്ത് ഉണ്ടോ എന്നും എങ്ങനെയാണ് ഇതുപോലെ പറയാൻ കഴിയുന്നതെന്നും ആളുകൾ ചോദിക്കുന്നു. അഹാന അർഹിക്കുന്ന മറുപടി തന്നെ നൽകിയെന്നും ഇത്തരക്കാരുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരണമെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.














