World

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറൈണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനിറ്റോളം ഭൂമിയില്‍ നിന്നുള്ള ബന്ധമില്ലായിരുന്നു.

ഇതോടെ പുത്തന്‍ നാഴികക്കല്ലുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു ആര്‍ട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയില്‍ നിന്ന് എറ്റവും കൂടുതല്‍ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോള്‍ ആര്‍ട്ടെമിസ് 2 സംഘത്തിലെ നാല് പേര്‍. 1970 ല്‍ ഭൂമിയില്‍ നിന്ന് 4,00,171 കിലോമീറ്റര്‍ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോര്‍ഡ് ഇന്നലെ രാത്രി 11:26 നാണ് ഒറയോണ്‍ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലര്‍ച്ചെ 4:37ന് ഭൂമിയില്‍ നിന്ന് നാല് ലക്ഷത്തി 6,771 കിലോമീറ്റര്‍ അകലെ വരെ പേടകമെത്തി. ഇതാണ് മനുഷ്യന്‍ ഭൂമിയില്‍ നിന്ന് സഞ്ചരിച്ച പരമാവധി ദൂരം.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറൈണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറൈണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുമ്പേ മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം. പുതിയ പദ്ധതി അനുസരിച്ച് ആര്‍ട്ടെമിസ് നാലാം ദൗത്യത്തിലാകും ആ കാല്‍വെപ്പ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.