Kerala

‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

ഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ചു കയറി 3.5 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ഭർത്താവ് പ്രതിരോധിച്ചപ്പോൾ കൊല്ലുകയുമായിരുന്നു എന്നാണ് ഭാര്യ പ്രിയങ്ക (25) പൊലീസിനോട് പറഞ്ഞത്. മോഷണശ്രമവും കൊലപാതകവും കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾക്കു മുന്നിൽ പ്രിയങ്ക വിശദീകരിച്ചത്.

‘അവർ ആദ്യം എന്റെ വായ പൊത്തി. എന്നിട്ട് പറഞ്ഞു, നിങ്ങളുടെ കയ്യിലുള്ളതെല്ലാം ഞങ്ങൾക്ക് തരൂ, അല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ കൊല്ലും. അവർ എന്നെ വലിച്ചിഴച്ചു. അലമാരകൾ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞാൻ പറഞ്ഞു, ഞാൻ എല്ലാം തരാം, ഞങ്ങളെ വെറുതെ വിടൂ. എന്റെ എല്ലാ സാധനങ്ങളും എടുത്ത് അവർക്ക് കൊടുത്തു. എന്റെ കൈകളും കാലുകളും കെട്ടിയിട്ടു. എന്റെ വസ്ത്രങ്ങൾ അവർ കീറി. ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ, അവർ എന്റെ ഭർത്താവിനെ കൊല്ലുമെന്ന് പറഞ്ഞു. ഞാൻ അവരിൽ രണ്ടുപേരെ കണ്ടു, പക്ഷെ കൂടുതൽ പേരുണ്ടായിരുന്നു’ – സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ പ്രിയങ്ക പറയുന്നു.

മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ പിന്നീട് നടത്തിയ തിരച്ചിലിൽ കണ്ടെടുത്തതോടെയാണ് പ്രിയങ്കയിലേക്ക് പൊലീസിന്റെ സംശയമുന നീണ്ടത്. ദേവ്കൃഷ്ണയുമായി പ്രിയങ്ക നിരന്തരം വഴക്കിട്ടിരുന്നതായും അദ്ദേഹത്തിന്റെ നിറത്തെ കുറിച്ച് പറഞ്ഞ് അധിക്ഷേപിക്കുകയും അദ്ദേഹത്തേക്കാൾ മികച്ച ആളെ ഭർത്താവായി ലഭിക്കാൻ അർഹതയുണ്ടെന്ന് പറയുമായിരുന്നെന്നും സഹോദരി ജ്യോതി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രിയങ്ക കൊലപാതകത്തിനു പിന്നിലെ ആസൂത്രണം തുറന്നു സമ്മതിച്ചത്.

കാമുകനായ കംലേഷ് പുരോഹിതുമായി (32) ചേർന്ന് ഭർത്താവിനെ ദേവ്കൃഷ്ണയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് സുരേന്ദ്ര ഭാട്ടിയ്ക്ക് വാഗ്ദാനം ചെയ്തത്. അമ്പതിനായിരം രൂപ മുൻകൂറായി നൽകുകയും ചെയ്തു. മുൻകൂർ ധാരണപ്രകാരം സംഭവദിവസം വീടിന്റെ മുൻവാതിൽ തുറന്നിട്ടിരുന്നു. വീട്ടിൽ പ്രവേശിച്ച സുരേന്ദ്ര ഭാട്ടി, മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ്കൃഷ്ണയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് തോന്നിപ്പിക്കാൻ മുറികളിലെ വസ്തുക്കൾ അലങ്കോലമാക്കിയിട്ടു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും നീതി അല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും ദേവ്കൃഷ്ണയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.