Kerala

കുട്ടി ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങി; വഴക്കു പറഞ്ഞ് തിരിച്ചു കയറ്റിയെന്ന് ബന്ധു: ശ്രീനന്ദയ്ക്ക് യാത്രാമൊഴി

പാലക്കാട് ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതശരീരം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ഐവർമഠം ശ്മശാനത്തിൽ നടക്കും. ശ്രീനന്ദയെ അവസാനമായി കാണാൻ നാടാകെ വീട്ടിലേക്കെത്തി.

മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരുക്കാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ‍ ഉടനീളം പരുക്കുണ്ട്. അസ്ഥികൾ പൊട്ടി. പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ കാണാതായത്. 1500 അടി താഴ്ചയിൽ ഹർഷന ഗുപ്പെയിലാണു ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

വ്യൂ പോയിന്റിന് 20 മീറ്റർ അടുത്തുള്ള സ്ഥലത്തുനിന്നു വീണതാണെന്നു സംശയിക്കുന്നതായും മറ്റു സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും എസ്പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു. ആക്രമിക്കപ്പെട്ടതിന്റെ സൂചനകൾ മൃതദേഹത്തിലില്ല. ചരിവുള്ള പ്രദേശത്ത് സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡിന് അപ്പുറത്തേക്ക് ഇറങ്ങിയ ശ്രീനന്ദയെ ശാസിച്ചിരുന്നതായി ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ‘‘ ബാരിക്കേഡിന് അപ്പുറത്തേക്ക് കുട്ടി ഇറങ്ങിയിരുന്നു. അപ്പോൾ‍ വഴക്കു പറഞ്ഞ് തിരിച്ചു കയറ്റി. വീണ്ടും അവിടേയ്ക്ക് ഇറങ്ങിയിരിക്കാൻ സാധ്യതയുണ്ട്. മുതിർന്ന ആളുകൾ മാറിയപ്പോൾ വീണ്ടും ഇറങ്ങിയതാകാം. പൊലീസ് അന്വേഷണം നടക്കട്ടെ’’–ബന്ധു പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കർണാടക പൊലീസ്, പാലക്കാട്ടു നിന്നെത്തിയ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ മൂന്നംഗ സംഘം, വനംവകുപ്പ്, ദുരന്തനിവാരണ സേന എന്നിവ ഡ്രോൺ ക്യാമറകളുടെ സഹായത്തോടെയാണു തിരച്ചിൽ നടത്തിയത്. അവധിക്കാല യാത്രയ്ക്കു പാലക്കാട് കോങ്ങാടുനിന്നു പുറപ്പെട്ട 40 അംഗ സംഘത്തിൽ ശ്രീനന്ദയ്ക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വ്യൂ പോയിന്റിൽനിന്നു യാത്രാസംഘം തിരിച്ചിറങ്ങുന്നതിനിടെയാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.