Kerala

സ്വന്തമല്ലെങ്കിലും ഈ അമ്മ കുഞ്ഞാടിന്റെ സ്വന്തം; പട്ടിയുടെ പാൽ കുടിച്ചു വളരുന്ന കുഞ്ഞാട്: അപൂർവ കാഴ്ച

വാളയാർ ∙ മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും മാതൃസ്നേഹത്തിന് അതിർവരമ്പുകളില്ല. അത്തരമൊരു മാതൃസ്നേഹത്തിന്റെ ഉറവവറ്റാത്ത കാഴ്ചയാവുകയാണു വാളയാർ പൂലാമ്പാറയിലെ വീട്ടിൽ വളർത്തുന്ന പട്ടിയുടെ പാൽ കുടിച്ചു വളരുന്ന കുഞ്ഞാടും ഇതിനു കൂട്ടായുള്ള നാലു പട്ടിക്കുഞ്ഞുങ്ങളും. മയിൽസ്വാമിയുടെ വീട്ടിലാണു സ്നേഹത്തിന്റെ ഇത്തരമൊരു അപൂർവ കാഴ്ച. മാസം തികയാതെയാണ് അമ്മയാട് കുഞ്ഞിനെ പ്രസവിച്ചത്. അതിനാൽ അമ്മയാടിനു പാലൂട്ടാൻ പറ്റാതായി. കരഞ്ഞുതളർന്ന ആട്ടിൻകുട്ടിയുടെ ജീവൻപോലും അപകടകരമായ അവസ്ഥയിലേക്കു നീങ്ങി. സങ്കടക്കാഴ്ച കണ്ട് മനസ്സലിഞ്ഞിട്ടെന്നോണം, വീട്ടിലെ ഗർഭിണിയായിരുന്ന പട്ടി കുഞ്ഞാടിനടുത്ത് എപ്പോഴും എത്തിയിരുന്നു. ഇതിനിടെ പട്ടി നാലു കുഞ്ഞുങ്ങൾക്കു ജന്മംനൽകി. പട്ടിയുടെ പാൽ പതിയെ ജീവൻ രക്ഷയെന്നോണം കുഞ്ഞാടും കുടിച്ചു തുടങ്ങി. ഇതോടെ അതിന്റെ വിശപ്പടങ്ങി. പട്ടിയുടെ പാൽ ആട് കുടിക്കുന്നതിൽ ആദ്യം കൗതുകം തോന്നിയെങ്കിലും വീട്ടുകാർ വെറ്ററിനറി ഡോക്ടറെ സമീപിച്ചു.പട്ടിയുടെ പാലിനു കട്ടി കൂടുതലാണെങ്കിലും കുഞ്ഞാടിന് ദഹനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഡോക്ടർ പരിശോധിച്ച് ഉറപ്പാക്കി. അതിനാൽ പട്ടിയുടെ പാൽ കുടിക്കുന്നത് കു‍ഞ്ഞാടിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നും ഡോക്ടർ പറഞ്ഞു. ആട്ടിൻകുട്ടിക്ക് ഇപ്പോൾ ഒന്നരമാസമായി. അമ്മയാടിനു പാൽ വന്നുതുടങ്ങിയെങ്കിലും പട്ടിയുടെ പാലാണ് ഈ കുഞ്ഞാടിന് ഇപ്പോഴും ഇഷ്ടം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.