National

പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തത് 19-കാരൻ; വീഡിയോ പകർത്തി സുഹൃത്ത്; തമ്മിലടിയിൽ ക്രൂരത പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ അംരാവതിയിൽ 180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്ത സംഭവം പുറത്തറിയാൻ കാരണമായത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കമെന്ന് റിപ്പോർട്ട്. പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മുഹമ്മദ് അയാസ് എന്ന അയാൻ അഹമദ് തൻവീറും(19) സുഹൃത്തായ ഉജേർ ഖാനും(20) തമ്മിലുണ്ടായ സാമ്പത്തികതർക്കമാണ് പീഡനപരമ്പര പുറത്തറിയാൻ കാരണമായതെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ അയാൻ തൻവീറും കൂട്ടുപ്രതിയായ ഉജേർ ഖാനും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.

പ്രായപൂർത്തിയാകാത്ത 180-ഓളം പെൺകുട്ടികളെ അയാൻ തൻവീർ ലൈംഗികമായി ചൂഷണംചെയ്തിട്ടുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം. 19-കാരനായ അയാൻ തൻവീറിന്റെ ഫോണുകളിൽനിന്ന് 350-ഓളം അശ്ലീലവീഡിയോകളും പോലീസ് കണ്ടെടുത്തിരുന്നു.പ്രണയം നടിച്ച് വശീകരിച്ചാണ് അയാൻ തൻവീർ പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തിരുന്നത്. വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാൾ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പ്രണയം നടിച്ച് വശീകരിച്ചശേഷം ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്യുന്നതായിരുന്നു രീതി. അംരാവതിയിലെ വാടകവീട്ടിൽവെച്ചാണ് മിക്ക പെൺകുട്ടികളെയും പ്രതി ഉപദ്രവിച്ചത്. സുഹൃത്തായ ഉജേർ ഖാനായിരുന്നു ഇതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത്. തുടർന്ന് ഈ വീഡിയോ കാണിച്ച് പ്രതികൾ പെൺകുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തിയതായും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പോലീസ് പറഞ്ഞിരുന്നു.അടുത്തിടെ അയാൻ തൻവീറും ഉജേർ ഖാനും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് അയാൻ തൻവീറിന്റെ അശ്ലീലവീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്ത വീഡിയോ ദൃശ്യങ്ങളെല്ലാം ഇരുവരും ഭദ്രമായി സൂക്ഷിച്ചിരുന്നു. എവിടെയും ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നില്ല. എന്നാൽ, അടുത്തിടെ അയാൻ തൻവീറും ഉജേർ ഖാനും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി. ഇതിൻ പ്രകോപിതനായ ഉജേർ ഖാനാണ് തന്റെ കൈവശമുണ്ടായിരുന്ന തൻവീറിന്റെ അശ്ലീലവീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലും സ്‌നാപ്പ്ചാറ്റിലും ഉൾപ്പെടെ ഈ വീഡിയോകൾ പോസ്റ്റ്‌ചെയ്തു. അയാൻ തൻവീറിനെ അപകീർത്തിപ്പെടുക എന്നതായിരുന്നു ഉജേർ ഖാന്റെ ഉദ്ദേശ്യം. എന്നാൽ, അശ്ലീലവീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ തന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി എംപി ഉൾപ്പെടെയുള്ളവരും പരാതി നൽകി. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി യുവാക്കളെ അറസ്റ്റ്‌ചെയ്തത്.

പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യപ്രതിയായ അയാൻ തൻവീറിന്റെ വീട് മുനിസിപ്പൽ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. അനധികൃത നിർമാണം ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ വീടിന്റെ ഒരുഭാഗം മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കിയത്. ഇതുസംബന്ധിച്ച് കുടുംബത്തിന് നേരത്തേ നോട്ടീസ് നൽകിയിരുന്നതായും അധികൃതർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.